യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് ആരോപണത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. കേസ് അന്വേഷിക്കുന്നതിന് വേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു. സൈബർ പൊലീസ് ഉൾപ്പെടെയുള്ളവർ എട്ടംഗ സംഘത്തിൽ ഉണ്ടാകും. ഡിസിപിയുടെ മേൽനോട്ടത്തിൽ ആകും പ്രത്യേക സംഘം പ്രവർത്തിക്കുക.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതിയിലാണ് പോലീസ് നടപടി. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയും അന്വേഷിക്കും. വ്യാജ രേഖ ചമച്ചതിനും ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് ദിവസത്തിനകം തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രാഥമിക റിപ്പോർട്ട് നൽകും എന്നാണ് അറിയുന്നത്.
വ്യാജ ഐഡി ഉണ്ടാക്കിയ ആപ്ലിക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടത്തനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ഈ ആപ്പ് ഉണ്ടാക്കിയതിന്റെ ഗൂഢലക്ഷ്യത്തെ കുറിച്ചും അന്വേഷിക്കും. മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാണോ ആപ് നിർമ്മിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
വിവാദം ഉയർന്നുവന്നതിന് തുടർന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് ഉൾപ്പെടെ അതൃപ്‌തിയുണ്ടെന്നാണ് അറിയുന്നത്. പോലീസ് കേസെടുക്കുക കൂടി ചെയ്‌തതോടെ ഇത് പാർട്ടിക്ക് കൂടുതൽ നാണക്കേടായെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
Summary: Further investigation into fake ID card controversy in Youth Congress elections.
Discussion about this post