മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നവകേരള സദസ്സിനുള്ള യാത്രക്കായി സഞ്ചരിക്കാനുള്ള ബസ് കേരളത്തിലേക്ക് പുറപ്പെട്ടു. ബെംഗളൂരുവിലെ ലാൽബാഗിലെ ബസ് ബോഡി നിർമിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസിൽനിന്ന് ഇന്ന് വൈകിട്ട് 6.30ഓടെയാണ് ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. നാളെ നവകേരള സദസ്സ് ആരംഭിക്കുന്ന കാസർകോടേക്കാണ് ബസ് എത്തിക്കുക. ബസ് പുലർച്ചെ തന്നെ കാസർകോട് എത്തും.
ബെംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡ് (പ്രകാശ്) ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസിൻറെ ബോഡി നിർമിച്ചത്. കറുപ്പു നിറത്തിൽ ഗോൾഡൻ വരകളോടെയുള്ള ഡിസൈനാണ് ബസ്സിന് നൽകിയിരിക്കുന്നത്. ബസിന് പുറത്ത് കേരളം ദൈവത്തിൻറെ സ്വന്തം നാട് എന്ന കേരള ടൂറിസത്തിൻറെ ടാഗ് ലൈനും ഇംഗ്ലീഷിൽ നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാർക്കും പ്രത്യേകം സീറ്റുകളും ഉണ്ട്. ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവർക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്‌പോട് ലൈറ്റുള്ള സ്‌പെഷ്യൽ ഏരിയ തുടങ്ങിയവയാണ് ബസ്സിലുള്ളതെന്നാണ് വിവരം. ബസ് വാങ്ങാൻ കഴിഞ്ഞ ദിവസം ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. യാത്രക്ക് ശേഷം ബസ് കെഎസ്ആർടിസിക്ക് കൈമാറാനാണ് നീക്കം. ഡബിൾ ഡക്കർ ബസ് വാടകക്ക് നൽകി കാശുണ്ടാക്കും പോലെ നവകേരള സദസ്സ് ബസും വരുമാനമാർഗ്ഗമാകുമെന്നാണ് വിശദീകരണം.