നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലും പോളിങ് അവസാനിച്ചു. 5 മണിവരെ ഛത്തീസ്ഗഢിൽ 68.15 ശതമാനവും മധ്യപ്രദേശിൽ 71.16 ശതമാനവും പേർ വോട്ടുരേഖപ്പെടുത്തി. മധ്യപ്രദേശിൽ രാവിലെ 7 മണിക്കാണ് പോളിങ് ആരംഭിച്ചത്. നക്സൽ ബാധിത മേഖലകളായ ബലാഘട്ട്, മണ്ഡല, ദിൻദോരി ജില്ലകളിൽ പോളിങ് മൂന്ന് മണിക്ക് അവസാനിച്ചു.
വോട്ടെടുപ്പ് ദിനത്തിൽ പലയിടത്തായി സംസ്ഥാനത്ത് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മെഹ്ഗോണിൽ ബി.ജെ.പി. സ്ഥാനാർഥിക്കും ആം ആദ്മി പാർട്ടി പ്രവർത്തകനും അജ്ഞാതന്റെ വെടിയേറ്റു. ഛത്തർപുരിലെ രാജ്നഗർ മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. എതിരാളികൾ തന്നെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ചുവെന്ന് കോൺഗ്രസ് സ്ഥാനാർഥി വിക്രം സിങ് നാതി രാജ ആരോപിച്ചു. താൻ പെട്ടെന്ന് കാറിലേക്ക് കയറിയെന്നും സൽമാൻ എന്ന പ്രവർത്തകനെ കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നും കോൺഗ്രസ് സ്ഥാനാർഥി ആരോപിച്ചു.
ഗരിയാബന്ധിൽ മാവോവാദി ആക്രമണത്തിൽ ഐ.ടി.ബി.പി. ജവാൻ കൊല്ലപ്പെട്ടു. പോളിങ് അവസാനിച്ച് ഉദ്യോഗസ്ഥർ മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഐ.ടി.ബി.പി. ഹെഡ് കോൺസ്റ്റബിൾ ജോഗിന്ദർ സിങ്ങാണ് കൊല്ലപ്പെട്ടത്.
ഛത്തീസ്ഗഢിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെയായിരുന്നു പോളിങ്. ബിന്ദ്രനവാഗഢിലെ നക്സൽ ബാധിതമായ ഒമ്പത് പോളിങ് സ്റ്റേഷനുകളിൽ രാവിലെ ഏഴുമുതൽ മൂന്നുവരെയായിരുന്നു പോളിങ്.
Discussion about this post