സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കൊല്ലത്ത്​ സംസ്ഥാന സ്​കൂൾ കലോത്സവ സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ ഇനിയൊരു സംശയവും ആരും ഉയർത്തേണ്ടതില്ല. കലോത്സവത്തിന്റെ സ്വർണക്കപ്പ്​ കോഴിക്കോടുനിന്ന് കൊല്ലത്തേക്ക്​ ആഘോഷപൂർവം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കലോത്സവ റിപ്പോർട്ടിംഗിൽ ഇക്കുറി ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നുണ്ട്. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് കലോത്സവത്തിൽ പ്രത്യേക പാസ് നൽകും. കലോത്സവ വേദികളിൽ നവമാധ്യമങ്ങളെ നിയന്ത്രിക്കും. മാധ്യമപ്രവർത്തകർക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച് വിവാദം ഉയർന്നിരുന്നു. ഈ വർഷം മുതൽ നോൺ വെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

അടുത്ത വർഷം എന്തായാലും നോൺ വെജ് ഉണ്ടാകുമെന്നും ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ടെന്നുമായിരുന്നു മന്ത്രി വി ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നത്. ഇറച്ചിയും മീനും വിളമ്പാൻ കലോത്സവ മാനുവൽ പരിഷ്കരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും സർക്കാർ തീരുമാനിച്ചാൽ എപ്പോൾ വേണമെങ്കിലും നോൺവെജ് വിളമ്പാമെന്ന് പഴയിടം മോഹനൻ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ‍ർക്കാരാണെന്നും കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നുമാണ് പഴയിടം അന്ന് പറഞ്ഞിരുന്നത്

Exit mobile version