ഒടുവിൽ ലോകകപ്പ് സെമിയിൽ ന്യൂസീലൻഡ് കടമ്പ മറികടന്ന് ഇന്ത്യ ഫൈനലിൽ. കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോൽവിക്ക് അതേ കെയ്ൻ വില്യംസണോടും സംഘത്തോടും കണക്ക് തീർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ 70 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി (117), ശ്രേയസ് അയ്യർ (105) എന്നിവരുടെ സെഞ്ചുറി കരുത്തിൽ 397 റൺസാണ് നേടിയത്. ശുഭ്മാൻ ഗിൽ 80 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡിന് 48.5 ഓവറിൽ 327 എല്ലാവരും പുറത്തായി. 9.5 ഓവറിൽ 57ന് ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കിവീസിനെ തകർത്തത്. ഇതോടെ വിക്കറ്റ് വേട്ടയിൽ ഒന്നാമെത്താനും ഷമിക്ക് (23) സാധിച്ചു. ഡാരിൽ മിച്ചൽ (119 പന്തിൽ 134) വിജയപ്രതീക്ഷ നൽകിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ നാലാം ഫൈനൽ. ഇന്ത്യ ഉയർത്തിയ 398 റൺസ് വിജലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസ് 48.5 ഓവറിൽ 327 റൺസിന് ഓൾഔട്ടായി. വ്യാഴാഴ്ച നടക്കുന്ന ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനൽ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടും.
ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ പതറാതെ തകർപ്പൻ പോരാട്ടം കാഴ്ചവെച്ച് തല ഉയർത്തി തന്നെയാണ് കിവീസ് മടങ്ങുന്നത്. സെഞ്ചുറി നേടിയ ഡാരിൽ മിച്ചൽ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക വിതച്ച ശേഷമാണ് കീഴടങ്ങിയത്. 119 പന്തിൽ ഏഴ് സിക്‌സും ഒമ്പത് ഫോറുമടക്കം 134 റൺസെടുത്ത മിച്ചൽ 46-ാം ഓവറിൽ മടങ്ങിയതോടെ കിവീസിന്റെ പോരാട്ടവീര്യത്തിനും അവസാനമായി.
ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന റെക്കോർഡ് കോലിയുടെ പേരിലായി മത്സരം കൂടിയായിരുന്നിത്. സച്ചിൻ ടെൻഡുൽക്കറെയാണ് (49) കോലി മറികടന്നത്. ഒരു ലോകകപ്പിൽ ഏറ്റവും റൺസെന്ന റെക്കോർഡും സച്ചിനിൽ (673) നിന്ന് കോലി തട്ടിയെടുത്തു. 711 റൺസാണ് കോലിയുടെ അക്കൗണ്ടിൽ ഇപ്പോഴുള്ളത്.
Discussion about this post