സംസ്ഥാനത്ത് നവംബർ 21 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു. സമരത്തിൽ നിന്ന് പിന്മാറിയതായി സ്വകാര്യ ബസുടമകൾ അറിയിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറാൻ ബസുടമകൾ തീരുമാനിച്ചത്.
140 കിലോമീറ്റർ ദൈർഘ്യത്തിൽ സർവീസ് നടത്തിയിരുന്ന 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയ നടപടിയിൽ മാറ്റമുണ്ടാക്കാമെന്ന് ചർച്ചയിൽ സ്വകാര്യ ബസ് ഉടമകൾക്ക് മന്ത്രി ആന്റണി രാജു ഉറപ്പ് നൽകി. ഇതോടെയാണ് അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിലേക്ക് ബസുടമകൾ എത്തിയത്. ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് സ്വകാര്യ ബസുകൾക്കും അനുവദിക്കുന്ന കാര്യം ആലോചിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കും.
സീറ്റ് ബെൽറ്റ്, ക്യാമറ എന്നീ കാര്യങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ കൺസെഷൻ വിഷയത്തിൽ രവി വർമ്മൻ കമ്മിഷൻ റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകളുടെ കാര്യത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുനപരിശോധിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ഒക്ടോബർ മുപ്പതിന് സ്വകാര്യ ബസുടമകൾ സമരം നടത്തിയിരുന്നു.
Discussion about this post