രാജ്ഭവനിലെ റബ്ബർ സ്റ്റാംമ്പ് അല്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയായാണ് ഗവർണറുടെ പ്രതികരണം. ബില്ലിനെ കുറിച്ച് സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. സർക്കാർ അതിൽ വിശദീകരണം നൽകിട്ടില്ല. ഇനിയും വ്യക്തത വരുത്തേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിനാലാണ് ബില്ലുകളിൽ ഒപ്പ് ഇടാത്തതെന്നും ഗവർണർ പറഞ്ഞു.
താൻ റബർ സ്റ്റാംപ് അല്ല. ബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകണം. രാജ്ഭവൻ മാർച്ച് സമ്മർദ തന്ത്രമാണ്. അത് അക്രമത്തിന്റെ ഭാഷയാണ്. തന്റെയടുത്ത് അത് വിലപ്പോകില്ല. അധികം ചെലവിന് പണം ആവശ്യപ്പെട്ട് സർക്കാരും രാജ്ഭവനുമായി കത്തിടപാട് നടന്നുകാണും’’– ഗവർണർ പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. ‘‘നിയമഭേദഗതിയിൽ ഗവർണർ ഒപ്പിടുന്നില്ലെങ്കിൽ രാജ്ഭവനിലേക്കു കൃഷിക്കാരുടെ സംഘടിതമായ മാർച്ച് നടത്തുമെന്ന് എൽഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. എന്തിനും അതിരുണ്ട്. ആ അതിരുകൾ ലംഘിച്ചുപോകുന്ന അവസ്ഥയാണ്. നമ്മുടെ നാട്ടിൽ ഇതുപോലുള്ള കാര്യങ്ങൾക്കു തടസ്സം നിൽക്കുന്ന ചിലരുണ്ട്. അവർ അവരുടേതായ തടസ്സങ്ങളുമായി മുന്നോട്ട് പോകും’’– എന്നായിരുന്നു ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ വിമർശനം
Discussion about this post