മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് നൽകിയ ഹരജിയിൽ സംസ്ഥാന സർക്കാരിന് ക്ലീൻ ചിറ്റ് നൽകി ലോകായുക്ത വിധി. ഹരജി തള്ളിയ ലോകായുക്ത മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും ദുരിതാശ്വാസ നിധിയിലെ പണം നൽകാൻ മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി.
മൂന്നുലക്ഷം വരെ പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. മൂന്നുലക്ഷത്തിന് മുകളിൽ സഹായം നൽകിയപ്പോൾ മന്ത്രിസഭ അത് അംഗീകരിച്ചു. മന്ത്രിസഭ അഴിമതിയും സ്വജനപക്ഷപാതവും ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി. ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹരജിയും തള്ളി.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ പക്ഷപാതപരമായ അനുകൂല തീരുമാനമാണെന്ന് കണക്കിലാക്കാൻ സാധിക്കില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിധിന്യായത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയേയും 18 മന്ത്രിമാരേയും എതിർകക്ഷികളാക്കി ഫയൽ ചെയ്ത ഹർജിയിൽ ലോകായുക്ത വിധി സർക്കാരിന് ആശ്വാസമായത്. ചെങ്ങന്നൂർ എംഎൽഎയായിരുന്ന പരേതനായ രാമചന്ദ്രൻ നായരുടെ മകന് ജോലിയും എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ കുടുംബത്തിന് സഹായധനവും അനുവദിച്ചും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരണപ്പെട്ട സിവിൽ പോലീസ് ഓഫീസറുടെ കുടുംബത്തിന് ദുരിതാശ്വാസനിധിയിൽനിന്ന് 20 ലക്ഷം രൂപയും അനുവദിച്ചതടക്കം ചൂണ്ടിക്കാട്ടി ആർഎസ് ശശികുമാർ നൽകിയ ഹർജിയിലാണ് ലോകായുക്ത വിധി പറഞ്ഞിരിക്കുന്നത്. എന്നാൽ, സർക്കാരിന് ആശ്വാസം പകരുന്ന വിധിയിൽ അത്ഭുതമില്ലെന്ന് പറയുന്ന ഹർജിക്കാരൻ, വിധി പ്രതീക്ഷിച്ചതാണെന്നും പ്രതികരിക്കുന്നു.
2018 സെപ്റ്റംബർ ഏഴിനാണ് ആർ.എസ് ശശികുമാർ ഹരജി ഫയൽ ചെയ്തത്. ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ ഹരജിക്കാരനായ ആർ.എസ്. ശശികുമാർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി നിർദേശപ്രകാരം വീണ്ടും കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് അഭിപ്രായഭിന്നതയെ തുടർന്ന് തീരുമാനം മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.
ഹരജിയിൽ വാദം കേട്ട രണ്ട് ഉപലോകായുക്തമാർ ദുരിതാശ്വാസനിധി ദുർവിനിയോഗ പരാതിയിലുൾപ്പെട്ട ചെങ്ങന്നൂർ മുൻ എം.എൽ.എ പരേതനായ രാമചന്ദ്രൻ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെക്കുറിച്ച് ഓർമക്കുറിപ്പ് എഴുതുകയും ചെയ്തത് വിവാദമായിരുന്നു. ഇവരിൽനിന്ന് നിഷ്പക്ഷ വിധി പ്രതീക്ഷിക്കാനാവില്ലെന്നും അതുകൊണ്ട് വിധി പറയുന്നതിൽനിന്ന് ഒഴിയണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരൻ രണ്ടുമാസം മുമ്പ് സമർപ്പിച്ച ഇടക്കാല ഹരജിയാണ് തള്ളിയത്.
Discussion about this post