ഇസ്രയേലിനോട് താത്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക. ബന്ദികളുടെ മോചനത്തിന് മൂന്ന് ദിവസത്തെ വെടിനിർത്തൽ വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ഫോൺ സംഭാഷണത്തിനിടെയാണ് ബൈഡൻ ഈ ആവശ്യമുന്നയിച്ചത്. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് സമാധാന ശ്രമവുമായി അമേരിക്ക മുന്നോട്ട് വരുന്നത്.
ഗാസയിലേക്ക് സഹായമെത്തിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് ഇസ്രയേൽ ആവിശ്യം ഉന്നയിക്കുന്നെങ്കിലും 15 ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായിട്ടുണ്ട്.
ഇതിനിടെ വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെയും ഇസ്രയേൽ സൈന്യം വെടിവെക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അങ്ങനെ മരിച്ചുവീണവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ ഗാസയിലെ ആംബുലൻസുകൾക്ക് അകമ്പടി സേവിക്കണമെന്ന് റെഡ്‌ക്രോസിനോട് ഗാസയിലെ ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു. ഇതുവരെ ഗാസയിൽ 10,000ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിൽ 1,400ലധികം ആളുകൾ കൊല്ലപ്പെട്ടതായുമാണ് റിപ്പോർട്ടുകൾ.
Summary: America asks Israel for a pause in Israel’s fighting in Gaza.