നേപ്പാളിൽ വീണ്ടും ഭൂചലനം. ഭൂകമ്പത്തിന്റെ പ്രകമ്പനം ഡൽഹിയിലടക്കം ഉത്തരേന്ത്യയിലെ പലഭാഗത്തും അനുഭവപ്പെട്ടതായാണ് വിവരം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വൈകീട്ട് 4.16 ന് ആയിരുന്നു ഭൂചലനം.
മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ഇല്ല. കാഠ്മണ്ഡുവിൽ നിന്ന് 550 കിലോമീറ്റർ അകലെയുള്ള ജാജർകോട്ടിലെ ജില്ലയിലെ റാമിദണ്ഡ എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ഭൂകമ്പത്തിന്റെ ശക്തമായ പ്രകമ്പനം ന്യൂഡൽഹിയിലും അനുഭവപ്പെട്ടു. ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിൽ അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 157 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം വെള്ളിയാഴ്‌ച രാത്രി 11.47നാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ജാജർകോട്ടിലെ റാമിദണ്ഡയാണ് പ്രഭവകേന്ദ്രം. ഒരു മണിക്കൂറിനുള്ളിൽ മൂന്ന് തുടർചലനങ്ങളുമുണ്ടായി. കാഠ്മണ്ഡുവിലും ഇന്ത്യയിൽ ന്യൂഡൽഹി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. 2015-നു ശേഷം നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഇത്.
പടിഞ്ഞാറൻ നേപ്പാളിൽ കർണാലി പ്രവിശ്യയിലെ ജാജർകോട്ട്, വെസ്റ്റ് റുകും എന്നിവിടങ്ങളിൽ കനത്ത നാശനഷ്‌ടമുണ്ടായി. നിരവധി കെട്ടിടങ്ങൾ തകർന്നു. നൂറുകണക്കിന് മൺവീടുകൾ നിലംപൊത്തി. ഭൂകമ്പ ബാധിത മേഖലകൾ സന്ദർശിച്ച പ്രധാനമന്ത്രി പുഷ്പ കമൽ ദാഹൽ പ്രചണ്ഡ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. അടിയന്തര രക്ഷാപ്രവർത്തന, ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ നിർദ്ദേശിച്ചു.ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ലോകത്തെ ഏറ്റവും സജീവമായ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ ഭൂമിക്കടിയിലുള്ളത് നേപ്പാളിലാണ്. ഇതാണ് ഇവിടെ നിരന്തരമായി ഭൂകമ്പങ്ങളുണ്ടാകാന്‍ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.