അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീലുമായി സംസ്ഥാന സർക്കാർ. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്ന് സർക്കാർ ഹർജിയിൽ പറയുന്നു.
അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ല. വ്യക്തികൾ ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കും. ഏതെങ്കിലും ക്ഷേത്രത്തിൽ വെടിക്കോപ്പ് അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടില്ല. ഹർജിയിലും അത്തരം പരാതിയില്ലെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് ഇളവ് നൽകി 2005 ൽ സുപ്രീംകോടതി ഇളവ് നൽകിയിട്ടുണ്ട്.
ഹർജിയിലെ ആവശ്യങ്ങളിലുപരി സംസ്ഥാനമെമ്പാടും ബാധകമാകുന്ന ഉത്തരവിടാൻ കോടതിക്ക് കഴിയില്ല. ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. അപ്പീൽ ചൊവ്വാഴ്ച പരിഗണിക്കും.
മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്ന ഹർജിയിലായിരുന്നു ജസ്റ്റിസ് അമിത് റാവൽ ഉത്തരവ് പുറപ്പെടുവിച്ചത്.
Discussion about this post