കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബോംബ് നിർമാണത്തിൽ കൂടുതൽ സഹായമുണ്ടോ എന്ന് പരിശോധിക്കും. ഡൊമിനിക് മാർട്ടിൻറെ വിദേശ ബന്ധങ്ങൾ പരിശോധിക്കാനുള്ള നടപടികളിലേക്കും പൊലീസ് കടന്നിട്ടുണ്ട്. 15 വർഷത്തോളം തുടർച്ചയായി ദുബായിൽ ഉണ്ടായിരുന്ന മാർട്ടിൻ മറ്റേതെങ്കിലും രാജ്യങ്ങളിൽ പോയിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി പ്രതിയുടെ സാമൂഹിക മാധ്യമ ഇടപെടലുകളിലും ആഴത്തിലുള്ള പരിശോധനയാണ് നടക്കുന്നത്.
കേരളത്തെ നടുക്കി കൊച്ചി കളമശ്ശേരിയിലെ കൺവെൻഷൻ സെൻററിലുണ്ടായ തുടർസ്ഫോടനങ്ങളിൽ മൂന്ന് പേരാണ് മരിച്ചത്. മലയാറ്റൂർ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് മരിച്ചത്. 25ഓളം പേർ ചികിത്സയിലാണ്. കേസിൽ ഡൊമിനിക് മാർട്ടിനെ മാത്രമാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. ഡൊമിനിക് മാർട്ടിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
Discussion about this post