കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റും. പ്രതിക്കെതിരായ ആരോപണങ്ങൾ ഗൗരവതരമാണെന്നും ആരോഗ്യ, മാനസിക പ്രശ്നങ്ങളില്ലെന്നും കോടതി പറഞ്ഞു. അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാൻഡിൽ വിട്ടിരിക്കുന്നത്. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡിൽ വിട്ടത്. കേസിൽ അഭിഭാഷകൻറെ സേവനം വേണ്ടെന്ന് പ്രതി ഡൊമിനിക്ക് മാർട്ടിൻ കോടതിയിൽ പറഞ്ഞു. കേസ് സ്വയം കേസ് വാദിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. പൊലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.
ഇതിനിടെ, കളമശ്ശേരി സംറ കൺവെൻഷൻ സെൻററിൽ ബോംബുവെച്ച ശേഷം ആദ്യം നടത്തിയ സ്ഫോടന ശ്രമം പാളിയെന്ന് പ്രതി ഡൊമിനിക് മാർട്ടിൻറെ മൊഴി പുറത്ത്. റിമോട്ട് ഉപയോഗിച്ചാൽ പൊട്ടിത്തെറിക്കുന്ന വിധം നിർമിച്ച ബോംബിൻറെ സ്വിച്ച് ഓൺ ചെയ്യാൻ മറന്നുവെന്നാണ് ഇയാൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ പറഞ്ഞത്. പിന്നീട് രണ്ടാമത് വന്ന് സ്ഫോടക വസ്തുവിലെ സ്വിച്ച് ഓൺ ചെയ്താണ് സ്ഫോടനം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തി.
തെളിവെടുപ്പിന് ശേഷമാണ് പ്രതി ഡൊമിനിക്ക് മാർട്ടിനെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. ബോംബ് നിർമിച്ചത് മാർട്ടിൻ തനിച്ചാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതി അതീവ ബുദ്ധിശാലിയാണെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതിയുടെ മൊഴി. ചെയ്തത് എന്തൊക്കെയാണെന്ന് ഇയാൾ തന്നെ അക്കമിട്ട് പറഞ്ഞിട്ടുള്ള സാഹചര്യത്തിൽ തെളിവുകളുമായി വച്ച് അത് ഒത്തുപോകുന്നുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത് ഐഇഡി നിർമിച്ചതിന്റെ അവശിഷ്ടങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെട്രോൾ സൂക്ഷിച്ച കുപ്പിയും കണ്ടെടുത്തു.
Discussion about this post