കളമശ്ശേരി സ്‌ഫോടനം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി

കളമശേരി കൺവൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത് ആകെ 21 പേരെന്ന് ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. 16 പേർ ഐസിയുവിൽ ചികിത്സയിലാണ്. 10 ശതമാനം പൊള്ളലേറ്റ 14 വയസുള്ള കുട്ടിയെ വാർഡിലേക്ക് മാറ്റിയെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരിക്കേറ്റവരുടെ എല്ലാവരുടെയും ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പൊള്ളലേറ്റവരെ പരിചരിക്കുന്ന എല്ലാ ആശുപത്രികളും ഡോക്ടർമാരും നല്ല അർപ്പണ ബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. നല്ല പരിചരണമാണ് ചികിത്സയിലുള്ളവർക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ചിലർ പൂർണ അപകടാവസ്ഥയിൽ നിന്നു മുക്തരായിട്ടില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. അപകടം ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്ന് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയവർക്ക് മതിയായ ബോധവത്ക്കരണം ലഭിച്ചിരുന്നു. ഇത് സ്‌ഫോടന സമയത്ത് പുറത്തേക്ക് രക്ഷപ്പെടുന്നത് എളുപ്പമാക്കി. തിക്കിലും തിരക്കിലും പെട്ടുള്ള അപകടവും ഒഴിവായി. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മാർട്ടിൻ ഡൊമനിക് സമ്മതിച്ച കാര്യങ്ങൾക്ക് അപ്പുറം മറ്റെന്തെങ്കിലും മാനമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഡിജിപി അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്. അന്വേഷണം നല്ല രീതിയിലാണ് നീങ്ങുന്നത്. തിരുവനന്തപുരത്ത് ചേർന്ന സർവകക്ഷി യോഗത്തിൽ എല്ലാവരിൽ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടായതിന്നു മുഖ്യമന്ത്രി അറിയിച്ചു.

മാധ്യമങ്ങളും നല്ല രീതിയിൽ ആണ് വാർത്ത കൈകാര്യം ചെയ്യുന്നത്. നല്ല മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. കളമശേരിയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണ്. ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനം, ചികിത്സ, അന്വേഷണം, മാധ്യമങ്ങളുടെ ഇടപെടൽ തുടങ്ങി എല്ലാ കാര്യങ്ങളിലും കേരളത്തനിമ ഉയർത്തി പിടിക്കാൻ നമുക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തനിമയെ ആർക്കും തകർക്കാനില്ല. വ്യാജ പ്രചരണം ആരു നടത്തിയാലും മുഖം നോക്കാതെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകുന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version