മധ്യപ്രദേശിൽ മാറ്റത്തിന്റെ കാറ്റോ!!

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന നിലയിൽ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം ഉയർന്നു കഴിഞ്ഞു. അതിൽ മധ്യപ്രദേശിൽ നവംബർ 17 ന് ആണ് വോട്ടെടുപ്പ്. ഭരണത്തിൽ തുടരാൻ ബി ജെ പിയെ തുണച്ച ഹിന്ദി ഹൃദയഭൂമിയിൽ (മധ്യപ്രദേശ്) ഇത്തവണ മാറ്റത്തിന്റെ കാറ്റുവീശുമോ?

18 വർഷത്തെ ഇടവേളയ്ക്ക് ശേഷം വമ്പൻ തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന കോൺഗ്രസും വിജയത്തിൽ കുറഞ്ഞതൊന്നു കൊണ്ടും തൃപ്തിപ്പെടില്ല എന്ന വാശിയിൽ സർവസജ്ജരായി ഇറങ്ങുന്ന ബി.ജെ.പിയും നേർക്കുന്നേർ പോരാടുമ്പോൾ മധ്യപ്രദേശിൽ തീ പാറുമെന്ന് ഉറപ്പാണ്.

116 എന്ന മാജിക് നമ്പർ

230 സീറ്റുകളാണ് മധ്യപ്രദേശ് നിയമസഭയ്ക്കുള്ളത്. കേവലഭൂരിപക്ഷം 116 എന്ന മാന്ത്രിക സംഖ്യയിലാണ്. 2018 ലെ തെരഞ്ഞെടുപ്പിൽ 114 സീറ്റുകൾ നേടി കോൺഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. 15 വർഷത്തെ ബി.ജെ.പി ഭരണത്തിന് വിരാമമിട്ട് കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അന്ന് അധികാരത്തിലെത്തി. പക്ഷേ, സർക്കാരിന്റെ ഹണിമൂൺ തീരും മുമ്പെ കോൺഗ്രസിന്റെ എക്കാലത്തെയും ശാപമായ പാളയത്തിലെ പട വില്ലനായി.

രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയും മധ്യപ്രദേശിലെ യുവതുർക്കിയുമായ ജ്യോതിരാദിഥിത്യ സിന്ധ്യയുടെ പടപ്പുറപ്പാടിൽ കമൽനാഥ് സർക്കാർ താഴെവീണു. ആറ് മന്ത്രിമാരുൾപ്പെടെ 22 കോൺഗ്രസ് എം.എൽ.എമാർ രാജിവച്ച് സിന്ധ്യയ്ക്കൊപ്പം കോൺഗ്രസിനോട് ബൈ പറഞ്ഞ് ബി.ജെ.പിയിൽ ചേർന്നു. നിയമസഭയിൽ വിശ്വാസവോട്ട് തേടാതെ തന്നെ കമൽനാഥ് മുഖ്യമന്ത്രി പദം രാജിവച്ചു. വൈകിയില്ല, 2020 മാർച്ചിൽ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ നാലാം തവണ മുഖ്യമന്ത്രിയായി അധികാരമേറ്റു.

മാമാ കാ രാജ്

മധ്യപ്രദേശിൽ മാമാ കാ രാജാണെന്നാണ് എതിരാളികൾ കളിയാക്കുന്നത്. ശിവരാജ് സിംഗ് ചൌഹാനെയാണ് മാമാ എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. മാമയുടെ ഭരണത്തോട് ജനങ്ങൾക്ക് തീരെ താത്പര്യമില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ വിധിയെഴുതുന്നത്. അതുകൊണ്ട് തന്നെ കാര്യങ്ങൾ ബി.ജെ.പിക്ക് മുന്നിൽ അത്ര എളുപ്പമല്ല. 2013ൽ 58 സീറ്റുകളിലൊതുക്കിയ കോൺഗ്രസ് ഇത്തവണ സർവ സന്നാഹങ്ങളുമായി രംഗത്തിറങ്ങിയതോടെ പരാജയം മണത്ത ബി.ജെ.പി കേന്ദ്രമന്ത്രിമാരുൾപ്പെടെയുള്ള മുൻനിര പോരാളികളെ രംഗത്തിറക്കി കഴിഞ്ഞു.

സ്ഥാനാർത്ഥി പട്ടികയിൽ നിലവിലെ എം.എൽ.എമാരിൽ 35 ശതമാനം പേർക്കും ടിക്കറ്റ് നൽകിയിട്ടില്ല. മാത്രമല്ല, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരാളെ ചൂണ്ടിക്കാട്ടുന്നുമില്ല. സർവം മോദിമയമാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി താമരയെന്ന് പറഞ്ഞാണ് ബി.ജെ.പിയുടെ വ്യത്യസ്തമായ പ്രചാരണം. ഈ അടവൊന്നും പക്ഷേ മധ്യപ്രദേശിൽ ഫലിക്കുന്ന മട്ട് കാണുന്നില്ല. കഴിഞ്ഞയിടെ ബി.ജെ.പി സംഘടിപ്പിച്ച ജനആക്രോശ് യാത്രയിൽ തീരെ ജനപങ്കാളിത്തമില്ലാതിരുന്നത് വിവാദമായിരുന്നു. പിന്നാലെ മോദി പങ്കെടുത്ത് പ്രചാരണ റാലികളിൽ നിന്നു പോലും ജനങ്ങൾ ഇറങ്ങിപ്പോകുന്ന കാഴ്ചയും വന്നു. മൊത്തെത്തിൽ മദ്യപ്രദേശിലാകെ ഭരണവിരുദ്ധ വികാരം അലയടിക്കുകയാണ്. ഇതാണ് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതും.

ഭരണവിരുദ്ധ വികാരം മറികടക്കാൻ നിരവധി തന്ത്രങ്ങളാണ് ബി.ജെ.പി പുറത്തെടുക്കുന്നത്. ഹിമാചലിലും കർണാടകയിലും ലഭിച്ച തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ട് പിഴവില്ലാത്ത പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. പാർട്ടിയിലെ ശക്തികേന്ദ്രങ്ങളായ ശിവരാജ് സിംഗ് ചൗഹാൻ, നരേന്ദ്ര തോമാർ, വി.ഡി. ശർമ, നരോത്തം മിശ്ര, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് അണിയറയിലെ ശക്തർ. കഴിഞ്ഞ തവണ തിരിച്ചടി നേരിട്ട മാൽവ, മഹാകൗശൽ, ഗ്വാളിയാർ – ചമ്പൽ മേഖലകളെ വരുതിയിലാക്കാൻ പുതിയ തന്ത്രങ്ങളിറക്കിയിട്ടുണ്ട്. കോൺഗ്രസ് പുറത്ത്‌വിട്ട ജാതി സെൻസസ് എന്ന ഭൂതത്തെ കുടത്തിലടക്കാൻ പ്രബല ഒ.ബി.സി വിഭാഗക്കാരനും ലോദി സമുദായാംഗവും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് സിംഗ് പട്ടേലിനെ ബി.ജെ.പി രംഗത്തിറക്കിയത് ഇതിന്റെ ഭാഗമാണ്. 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിന്ന എസ്.ടി വോട്ടുകൾ പെട്ടിയിലാക്കാനാണ് ഫഗ്ഗാൻ സിംഗ് കുൽസാത്തെയെ സ്ഥാനാർത്ഥിയാക്കിയത്.

കന്നഡ മോഡൽ പരീക്ഷിക്കാൻ കോൺഗ്രസ്

കർണാടകയിലും ഹിമാചൽ പ്രദേശിലും നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് മധ്യപ്രദേശിലിറങ്ങുന്നത്. മുൻമുഖ്യമന്ത്രി കമൽനാഥിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കോൺഗ്രസ് നിറഞ്ഞുനിൽക്കുയാണ്. കർണാടകയിൽ പ്രാദേശിക വിഷയങ്ങളുന്നയിച്ച് നടത്തിയ പ്രചാരണ മോഡലാണ് മധ്യപ്രദേശിൽ പയറ്റുന്നതും. ഗ്യാസ് സിലിണ്ടർ 500 രൂപയ്ക്ക് നൽകുക, തൊഴിലില്ലാത്തവരുടെയും വീട്ടമ്മമാരുടെ അക്കൗണ്ടിലേക്ക് പ്രതിമാസം പണമെത്തിക്കുക തുടങ്ങി നിരവധി വാഗ്ദ്ധാനങ്ങൾ നൽകി കഴിഞ്ഞു. ജാതി സെൻസസ് നടത്തുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പിൽ നിർണായകമായേക്കും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്തുണ്ടാക്കിയ ഓളവും ഭരണവിരുദ്ധ വികാരവും പരമാവധി മുതലെടുക്കും. ദിംഗ് വിജയ് സിംഗിന്റെ നേതൃത്വത്തിൽ ഗ്വാളിയാർ ഗുണ മേഖലയിലെ സിന്ധ്യ അനുകൂലികൾ തിരിച്ച് കോൺഗ്രസിലേക്ക് ചേക്കേറിയതും ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. മധ്യപ്രദേശിൽ 150 സീറ്റുകൾ നേടുമെന്നാണ് രാഹുൽ ഗാന്ധിയുടെ അവകാശവാദം. അത്രയൊന്നുമില്ലെങ്കിലും സീ വോട്ടർ സർവേ അടക്കമുള്ളവയുടെ പ്രീ പോൾ സർവേയിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനം.

ഹിന്ദുത്വ കാർഡ്

ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടിയാണ് തങ്ങളെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും മധ്യപ്രദേശിൽ ഹിന്ദുത്വകാർഡിറക്കിയാണ് കോൺഗ്രസിന്റെ കളി. അടുത്തിടെ ഇന്ത്യാ മുന്നണിയിലെ അംഗമായ ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ സനാതന ധർമ വിവാദത്തിൽ മധ്യപ്രദേശ് കോൺഗ്രസിന്റെ നിലപാട് ഇത് ശരിവയ്ക്കുന്നു. ഈ വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്താനിരുന്ന റാലി മധ്യപ്രദേശിൽ നടത്തേണ്ടെന്ന് കമൽനാഥ് പറഞ്ഞിരുന്നു. കർണാടക തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് ബജ്‌റംഗ് ദൾ അടക്കമുള്ള തീവ്രസംഘടനകളെ നിരോധിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്തരം നിലപാട് മധ്യപ്രദേശിൽ ഉണ്ടാകില്ല. ഇതിനെ നേരിടാൻ ഹിന്ദുക്കളുടെ ശരിയായ സംരക്ഷകർ തങ്ങളാണെന്ന വാദമാണ് ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നത്.

അടുത്തിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാവണനോട് ഉപമിച്ച് ബി.ജെ.പി നടത്തിയ സോഷ്യൽ മീഡിയാ പോസ്റ്റും വിവാദമായിരുന്നു. ഇന്ത്യയുടെ താത്പര്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന രാവണനാണ് രാഹുലെന്നായിരുന്നു ബി.ജെ.പിയുടെ പ്രസ്താവന.

ഭരണവിരുദ്ധ വികാരം

ഹിന്ദുത്വ അജണ്ടകളും വർഗീയതയും ഒക്കെയുണ്ടെങ്കിലും അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. വിലക്കയറ്റം കൊണ്ട് തങ്ങൾ പൊറുതിമുട്ടുകയാണെന്നും മാമാ കാ സർക്കാർ ഇനി വേണ്ടെന്നുമാണ് ഭൂരിഭാഗം മധ്യപ്രദേശുകാരും പറയുന്നത്.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വിധിയെഴുതുക മധ്യപ്രദേശിലെ ജനങ്ങളാണ്. ബൂത്തിലേക്ക് നീങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് ഏറുകയാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച തേടുന്ന ബി.ജെ.പിക്ക് മധ്യപ്രദേശിൽ ജയിച്ചേ തീരൂ. രണ്ട് ടേമുകളിൽ പ്രതിപക്ഷ ബെഞ്ചിലിരുന്ന കോൺഗ്രസിനാകട്ടെ ഇത് ജീവൻ മരണ പോരാട്ടവും. ഒപ്പം പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലമെന്താകുമെന്ന് രാജ്യം മുഴുവൻ ഉറ്റുനോക്കുന്നുമുണ്ട്.

Exit mobile version