അദാനിക്കെതിരെ കൽക്കരി ആരോപണവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി രംഗത്ത്. ഫിനാൻഷ്യൽ ടൈംസിൽ വന്ന വാർത്ത മുൻനിർത്തിയാണ് രാഹുലിന്റെ അഴിമതി ആരോപണം. ഇന്തോനേഷ്യയിൽ നിന്ന് വാങ്ങുന്ന കൽക്കരി ഇരട്ടി വിലയ്ക്ക് അദാനി ഇന്ത്യയിൽ വിൽക്കുന്നുവെന്നാണ് ആരോപണം.
ഇന്തോനേഷ്യയിൽ ഇന്ത്യക്കാരുടെ പണം നിക്ഷേപിക്കുന്ന അദാനി അത് ഇന്ത്യയിൽ കൊണ്ടുവന്ന് ഇരട്ടിയാക്കുന്നുവെന്ന് രാഹുൽ ആരോപിച്ചു. 12000 കോടി രൂപ അദാനി ഇന്തോനേഷ്യയിൽ നിക്ഷേപിച്ചു, ഇതിന്റെ മൂല്യം ഇന്ത്യയിൽ 32000 കോടി രൂപയാണ്. രാജ്യത്ത് വൈദ്യുതി നിരക്ക് കൂടാൻ കാരണം ഇതാണെന്നും രാഹുൽ ആരോപിക്കുന്നു. കരിച്ചന്ത വിൽപനക്ക് സർക്കാർ കൂട്ടുനിൽക്കുന്നു. വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദാനിയെ പതിവ് പോലെ മോദി സംരക്ഷിക്കുകയാണ്. അല്ലായെങ്കിൽ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഇത്ര വലിയ കൊള്ള പ്രധാനമന്ത്രിയുടെ അറിവോടും സംരക്ഷണത്തോടും അല്ലാതെ നടക്കില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വീട്ടിൽ ലൈറ്റിട്ടാൽ പണം അദാനിയുടെ പോക്കറ്റിൽ വീഴുമെന്നാണ് രാഹുൽ ഗാന്ധി പരിഹാസരൂപേണ പറഞ്ഞത്.
Summary: Rahul Gandhi alleges coal corruption against Adani.