ഗാസ സിറ്റിയിലെ ആശുപത്രിയിലുണ്ടായ വൻ സ്ഫോടനത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇരുകൂട്ടരും പരസ്പരം കുറ്റം ആരോപിക്കുകയാണ്. ഇസ്രായേലിന്റെ വ്യോമാക്രമണമാണ് ആശുപത്രി തകരാൻ കാരണമെന്ന് ഹമാസും, ഹമാസിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റിയാണ് സ്ഫോടനമുണ്ടായതെന്ന് ഇസ്രയേലും ആരോപിച്ചു.
സ്ഫോടനമുണ്ടായ ഗാസ സിറ്റിയിലെ അൽ-അഹ്‌ലി അറബ് ഹോസ്പിറ്റലിൽ വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ഉണ്ടായിരുന്നു. ആക്രമണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. അറബ് രാജ്യങ്ങൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേലിന്റെ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇസ്രയേൽ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചു.
എന്നാൽ ഗാസയിലെ ആശുപത്രി ആക്രമിച്ച ആരോപണം ഇസ്രയേൽ തള്ളി. വിഷയത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധ കുറിപ്പ് പുറത്തിറക്കി. ഗാസയിലെ ഭീകരരാണ് സ്ഫോടനം നടത്തിയത് എന്നാണ് കുറിപ്പിൽ ആരോപിക്കുന്നത്.
Summary: Gaza hospital blast: 500 killed.