ലോസ് ആഞ്ജലിസിൽ നടക്കുന്ന 2028 ഒളിമ്പിക്‌സിൽ ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്താൻ തീരുമാനിച്ചതിൽ പ്രതികരണവുമായി ക്രിക്കറ്റ് താരങ്ങൾ. ഒരു നൂറ്റാണ്ടിനു ശേഷം ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്ന് സച്ചിൻ തെണ്ടുൽക്കർ പ്രതികരിച്ചു.
ഒരു നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ, ഞങ്ങളുടെ പ്രിയപ്പെട്ട കായികവിനോദം ഒളിമ്പിക് വേദിയിൽ തിരിച്ചെത്തിയിരിക്കുന്നു. ക്രിക്കറ്റിന്റെ പുതുയുഗമാണിത്. വളർന്നുവരുന്ന ക്രിക്കറ്റ് രാജ്യങ്ങളിൽ നിന്ന് പുതിയ പ്രതിഭകളെ പരിപോഷിപ്പിക്കാനും പ്രദർശിപ്പിക്കാനുമുള്ള സുവർണാവസരമാണിതെന്നും സച്ചിൻ എക്‌സിൽ കുറിച്ചു.
ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയതിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ ഗ്രെഗ് ബാർക്ലി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് നന്ദിയറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച മുബൈയിൽ നടന്ന ഐഒസി യോഗത്തിൽ വോട്ടെടുപ്പിന് ശേഷമാണ് 2028-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റടക്കം പുതിയ അഞ്ച് കായിക ഇനങ്ങൾ ഉൾപ്പെടുത്തുന്നതിന് ഔദ്യോഗിക അംഗീകാരമായത്. ട്വന്റി 20 ഫോർമാറ്റിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ ക്രിക്കറ്റ് മത്സരമുണ്ടാകും.
128 വർഷത്തിനുശേഷമാണ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് മത്സരയിനമാകുന്നത്. 1900-ലെ പാരിസ് ഒളിമ്പിക്‌സിലാണ് അവസാനമായി ക്രിക്കറ്റ് ഒരു ഇനമായി ഉണ്ടായിരുന്നത്. അന്ന് ബ്രിട്ടനെ പ്രതിനിധീകരിച്ച് ഒരു ടീമും ഫ്രാൻസിനെ പ്രതിനിധീകരിച്ച് ഒരു ടീമുമായിരുന്നു മത്സരിച്ചിരുന്നത്.
പുതുതായി ഉൾപ്പെടുത്തേണ്ട കായിക ഇനങ്ങൾ ഉൾപ്പെടുത്തി ലോസ് ആഞ്ജലിസ് ഗെയിംസ് സംഘാടക സമിതി നൽകിയ ശുപാർശ ഐഒസിയുടെ എക്‌സിക്യൂട്ടീവ് ബോർഡ് നേരത്തേ അംഗീകരിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിന് ശേഷം ഇക്കാര്യത്തിൽ ഐഒസി അന്തിമ തീരുമാനം കൈക്കൊള്ളുകയായിരുന്നു.