എല്ലാ വർഷവും ഒക്ടോബർ 17-ന് ആഘോഷിക്കുന്ന ദാരിദ്ര്യ നിർമാർജനത്തിനായുള്ള അന്താരാഷ്ട്ര ദിനം, ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകൾക്കും വിശാലമായ സമൂഹത്തിനും ഇടയിൽ ധാരണയും സംവാദവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.
ദാരിദ്ര്യം ഒരു വ്യക്തിയുടെ മനുഷ്യാവകാശ നിഷേധമാണ്. അത് ഇല്ലായ്മയുടെയും വിശപ്പിന്റെയും കഷ്ടപ്പാടുകളുടെയും സാഹചര്യങ്ങളിലേക്ക് നയിക്കുക മാത്രമല്ല, മൗലികാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ആസ്വാദനത്തെ തടയുകയും ചെയ്യുന്നു. ഓരോ വ്യക്തിക്കും തടസ്സമില്ലാതെ എല്ലാ സാചര്യങ്ങളും ആസ്വദിക്കാൻ കഴിയണം. ദാരിദ്ര്യം അവസാനിപ്പിക്കുന്നത് ദരിദ്രരെ സഹായിക്കുക മാത്രമല്ല – അത് ഓരോ സ്ത്രീക്കും പുരുഷനും അന്തസ്സോടെ ജീവിക്കാനുള്ള അവസരം നൽകുന്നു.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 2022 അവസാനത്തോടെ ലോക ജനസംഖ്യയുടെ 8.4% അല്ലെങ്കിൽ 670 ദശലക്ഷം ആളുകൾ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. ആഗോള ജനസംഖ്യയുടെ 7% അതായത് ഏകദേശം 575 ദശലക്ഷം ആളുകൾ. 2030 ആകുമ്പോഴേക്കും കടുത്ത ദാരിദ്ര്യത്തിൽ കുടുങ്ങിപ്പോയേക്കാമെന്ന് പഠനങ്ങൾ.
എന്താണ് ദാരിദ്ര്യ നിർമാർജനത്തിനുള്ള അന്താരാഷ്ട്ര ദിനം 2023ൻ്റെ തീം?
2023-ലെ ദാരിദ്ര്യ നിർമാർജനത്തിനായുള്ള അന്താരാഷ്ട്ര ദിനത്തിന്റെ തീം “മാന്യമായ ജോലിയും സാമൂഹിക സംരക്ഷണവും: എല്ലാവർക്കും അന്തസ്സ് പ്രായോഗികമാക്കൽ” എന്നതാണ്.
ചരിത്രം
കടുത്ത ദാരിദ്ര്യത്തിന്റെയും അക്രമത്തിന്റെയും പട്ടിണിയുടെയും ഇരകളെ ബഹുമാനിക്കുക എന്ന ലക്ഷ്യത്തോടെ 1987 ഒക്ടോബർ 17-മുതലാണ് അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജന ദിനം ആചരിക്കാൻ തുടങ്ങിയത്.
ദാരിദ്ര്യം മനുഷ്യാവകാശ ലംഘനമാണെന്ന് സമ്മേളനം ഉദ്ഘോഷിക്കുകയും ഈ അവകാശങ്ങൾ മാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത ഉറപ്പിക്കുകയും ചെയ്തു. അതിനുശേഷം, എല്ലാ പശ്ചാത്തലത്തിലും വിശ്വാസത്തിലും സാമൂഹിക ഉത്ഭവത്തിലും ഉള്ള ആളുകൾ എല്ലാ വർഷവും ഒക്ടോബർ 17 ന് തങ്ങളുടെ പ്രതിബദ്ധത പുതുക്കുന്നതിനും ദരിദ്രരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുമായി ഒത്തുകൂടുന്നു.
1992 ഡിസംബർ 22-ന് അംഗീകരിച്ച 47/196 പ്രമേയത്തിലൂടെ, യുഎൻ ജനറൽ അസംബ്ലി ഒക്ടോബർ 17 അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജന ദിനമായി പ്രഖ്യാപിച്ചു.
പ്രാധാന്യം
ദാരിദ്ര്യ നിർമാർജനത്തിനായുള്ള അന്താരാഷ്ട്ര ദിനം 2023 വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം ദാരിദ്ര്യത്തിനെതിരെയുള്ള എല്ലാ തലങ്ങളിലും നടക്കുന്ന പോരാട്ടത്തിന്റെ ആഗോള ഓർമ്മപ്പെടുത്തലായി ഇത് പ്രവർത്തിക്കുന്നു.
ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളോട് ഐക്യദാർഢ്യത്തോടെ നിൽക്കാനും അവരുടെ ദൈനംദിന പോരാട്ടങ്ങൾ ശരിക്കും കേൾക്കാനും, സാമ്പത്തിക നേട്ടങ്ങൾ വർധിപ്പിക്കുന്നതിലൂടെ മാനുഷികവും പാരിസ്ഥിതികവുമായ ക്ഷേമം സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച നീതിപൂർവകമായ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത പുതുക്കാനും ഈ ദിനം അവസരം നൽകുന്നു. എല്ലാവർക്കും അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കി ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം.
Discussion about this post