മഴയിൽ തിരുവനന്തപുരം ജില്ലയിൽ 89.87 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായെന്ന് പ്രാഥമിക കണക്ക്

മഴ തകർത്ത് പെയ്ത തിരുവനന്തപുരത്ത് 89.87 ലക്ഷത്തിന്റെ കൃഷിനാശമെന്ന് പ്രാഥമിക കണക്ക്. 438 കർഷകരെയാണ് നഷ്ടം ബാധിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ അനിൽകുമാർ.എസ് അറിയിച്ചത് പ്രകാരം 234.05 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്. ഒക്ടോബർ 13 മുതൽ 16 വരെയുള്ള കണക്കാണ് പുറത്ത് വന്നിരിക്കുന്നത്.

മഴ ഏറ്റവും കൂടുതൽ ബാധിച്ചത് വാഴ കൃഷിയെ ആണ്. 205.17 ഹെക്ടർ പ്രദേശത്തെ വാഴ കൃഷി നശിച്ചിട്ടുണ്ട്. 12.48 ഹെക്ടർ നെല്ല്, 10.30 ഹെക്ടർ പച്ചക്കറി, 5.80 ഹെക്ടർ മരിച്ചീനി, 0.20 ഹെക്ടർ അടയ്ക്ക, 0.10 ഹെക്ടർ വെറ്റില എന്നിങ്ങനെയാണ് കൃഷിനഷ്ടത്തിന്റെ പ്രാഥമിക കണക്ക്.

ഇന്ന് ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ വടക്കൻ ജില്ലകളിലും ലക്ഷദ്വീപിലും ഗ്രീൻ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Summary: 89.87 lakhs worth of crops were damaged in Thiruvananthapuram district due to rain

Exit mobile version