65-ാമത് കൗമാര കായിക മാമാങ്കത്തിന് തൃശ്ശൂരിൽ തുടക്കം; ദീപശിഖ പ്രയാണം ആരംഭിച്ചു

65-ാമത് സംസ്ഥാന സ്കൂൾ കായിക മേളക്ക് തൃശൂരിൽ തുടക്കം. തൃശൂർ തേക്കിൻകാട് മൈതാനിയിൽ വെച്ച് മന്ത്രി ആർ ബിന്ദു മുൻ ഫുട്ബോൾ താരം ഐഎം വിജയന് ദീപശിഖ കൈമാറിക്കൊണ്ട് ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 8.30ന് തേക്കിൻ കാട് മൈതാനിയിലെ തെക്കേഗോപുരനടയിൽ നിന്നുമാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്.

ആയിരത്തോളം സ്പോർട്സ് താരങ്ങൾ വിളംബര ജാഥയിൽ പങ്കെടുക്കും. ദീപശിഖാ പ്രയാണം 15 സ്കൂളുകളിൽ നിന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങിയതിനു ശേഷം കുന്നംകുളം നഗരം ചുറ്റി കായികോത്സവ വേദിയിൽ എത്തിച്ചേരും. ദീപശിഖ പ്രയാണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി ആർ ബിന്ദു, മുൻ ഫുട്ബോൾ താരം ഐ എം വിജയൻ എന്നിവരെ കൂടാതെ ടി എൻ പ്രതാപൻ എം പി, മേയർ എം കെ വർഗീസ് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.

കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയമാണ് 65-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വേദിയാകുന്നത്. കായികമേളയുടെ ഉദ്ഘാടനം 17ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. ടീമുകളുടെ രജിസ്‌ട്രേഷൻ ഇന്ന് പൂർത്തിയാകും.

കായിക മാമാങ്കത്തിന്റെ സമാപന സമ്മേളനം ഒക്ടോബർ 20ന് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. ആകെ ആറ് കാറ്റഗറികളിലായി 3000ത്തിൽ കൂടുതൽ മത്സരാർത്ഥികൾ കായികമേളയിൽ മാറ്റുരക്കും.

SUmmary: 65th State school Sports Meet begins in Thrissur.

Exit mobile version