വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കപ്പലായ ഷെൻഹുവ 15നെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌ത് സ്വീകരിച്ചു. വാട്ടർ സല്യൂട്ട് നൽകി കൊണ്ടാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. നീണ്ട കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയ കപ്പലിന് വൻ വരവേൽപ്പാണ് ലഭിച്ചത്.
വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകുന്നത് വലിയ വികസന സാധ്യതകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നൊരു വാക്കില്ലെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ എന്തും സാധ്യമെന്ന് തെളിയിക്കുന്നതാണ് വിഴിഞ്ഞത്തെ നേട്ടമെന്നും പറഞ്ഞ മുഖ്യമന്ത്രി പദ്ധതിയുടെ നാൾവഴികളും വിശദീകരിച്ചു. ഈ പദ്ധതി രാജ്യത്തിന്റെയാകെ അഭിമാനകരമായ പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. ആഘോഷത്തിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രിയാണ് ചടങ്ങിൻറെ മുഖ്യാതിഥി. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുള്ള മൂന്ന് ക്രെയിനുകളുമായി ചൈനയിൽനിന്നുള്ള കപ്പൽ തുറമുഖത്തെത്തിയത്. 100 മീറ്റർ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളി നിൽക്കുന്നതുമായ സൂപ്പർ പോസ്റ്റ് പനാമാക്‌സ് ക്രെയിനും 30 മീറ്റർ ഉയരമുള്ള രണ്ട് ഷോർ ക്രെയിനുമാണ് കപ്പലിൽ എത്തിച്ചത്. അടുത്തദിവസം ക്രെയിൻ കപ്പലിൽനിന്നിറക്കി ബെർത്തിൽ സ്ഥാപിക്കും. ആകെ എട്ട് സൂപ്പർ പോസ്റ്റ് പനാമാക്‌സ് ക്രെയിനുകളും 32 ഷോർ ക്രെയിനുകളുമാണ് തുറമുഖനിർമാണത്തിനാവശ്യം.