ഗാസയില്‍ മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഇസ്രയേൽ. ഹമാസിന്റെ പ്രത്യേക സേനയായ നുഖ്ബയുടെ തലവന്‍ ബിലാല്‍ അല്‍-കെദ്രയെ തങ്ങൾ വധിച്ചെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം. ഖാന്‍ യൂനിസില്‍ നടന്ന വ്യോമാക്രമണത്തിലാണ് കെദ്ര കൊല്ലപ്പെട്ടത് എന്നാണ് ഇസ്രയേൽ പറയുന്നത്.
ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 2329 പലസ്തീനികൾ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ. 9714 പേര്‍ക്ക് പരിക്കേറ്റു. തിരിച്ച് ഹമാസ് ആക്രമണത്തില്‍ 1300 ഇസ്രയേലികളും കൊല്ലപ്പെട്ടു.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ട അവശ്യസാധനങ്ങളുമായി നിരവധി വാഹനങ്ങള്‍ റഫ ക്രോസിങ് കടക്കാന്‍ ഈജിപ്ത് അതിര്‍ത്തിയില്‍ കാത്തുകിടക്കുന്നുണ്ട്. ഇസ്രയേലിന്റെ വ്യോമാക്രമണത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി റഫ പാലം അടച്ചിരിക്കുകയാണ്. ഈജിപ്തിന്റെ അതിര്‍ത്തിയില്‍ നിന്ന് റഫ പാലം വഴിയുള്ള ക്രോസിങ്ങ് തുറന്നെങ്കിലും തെക്കന്‍ ഗാസ അതിര്‍ത്തിയില്‍ നിന്നുള്ള ക്രോസിങ്ങ് ഇതുവരെ തുറന്നിട്ടില്ല. ഗാസയുടെ ഭാഗത്ത് നിന്നുള്ള ക്രോസിങ്ങ് ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവിൽ ചെക്ക്പോസ്റ്റിലൂടെ ആര്‍ക്കൊക്കെ കടന്നുപോകാന്‍ കഴിയും എന്നതില്‍ ഹമാസ്, ഇസ്രായേല്‍, ഈജിപ്ത് എന്നിവര്‍ക്ക് വ്യത്യസ്ത നിയന്ത്രണങ്ങളുണ്ട്.
Summary: Israel claims to have killed a senior Hamas commander in Gaza.