തലസ്ഥാനത്ത് മഴ അതിശക്തമായി പെയ്യുന്ന സാഹചര്യത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. തേക്കുമൂട് ബണ്ട് കോളനിയിൽ വെളളം കയറിയതിനെ തുടർന്ന് 122 കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. കണ്ണമൂല ഭാഗത്തും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പോത്തൻകോട് കരൂർ എന്നിടത്ത് 7 വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പുത്തൻപാലം പ്രദേശത്ത് വെള്ളം കയറിയതിനെ തുടർന്ന് 45 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ടെക്നോപാർക്കിലും വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യമാണ്. അഞ്ചുതെങ്ങ് ഏതാണ്ട് വെള്ളത്തിനടിയിലായി. തീരമേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. പലയിടത്തും വെള്ളം കയറിയതോടെ ജനങ്ങൾ വലയുകയാണ്.
ഇതിനിടെ പലയിടത്തും മഴ തുടർച്ചെ പെയ്യുന്നതിന്റെ ബലമായി മറ്റു നാശനഷ്ടങ്ങളും സംഭവിക്കുന്നുണ്ട്. ശ്രീകാര്യം ഗുലാത്തി ഇൻസ്റ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ പിൻ ഭാഗത്തെ മതിൽ ഇടിഞ്ഞ് സമീപത്തെ നാല് വീടുകളുടെ മുകളിലൂടെ പതിച്ചു. ആർക്കും പരിക്കില്ല. പോത്തൻകോട് മതിലിടിഞ്ഞ് വീണ് കല്ലുവിള സ്വദേശി അരുണിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Summary: Heavy rains in Thiruvananthapuram; Waterlogging is severe in many places.
Discussion about this post