ഒന്നാമൻ മുകേഷ് അംബാനി തന്നെ; ഫോർബ്‌സ് ഇന്ത്യ സമ്പന്നരുടെ പട്ടിക പുറത്ത്

ഫോർബ്‌സ് പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ മറികടന്നാണ് മുകേഷ് അംബാനിയുടെ നേട്ടം. നിലവിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അദാനി ഉള്ളത്.

കഴിഞ്ഞ വർഷം ആദ്യമായി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി ഗൗതം അദാനി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുകേഷ് അംബാനി ഈ വർഷം ആ സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു. ജനുവരിയിലെ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനു ശേഷം അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഇടിഞ്ഞത് ഗൗതം അദാനിക്ക് തിരിച്ചടിയായിരുന്നു.

പട്ടികയിൽ മൂന്നാം സ്ഥാനത്ത് വ്യവസായിയായ ശിവ് നാടാർ ആണ്. എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ഓഹരികൾ കഴിഞ്ഞ വർഷം 42 ശതമാനം കുതിച്ചുയർന്നതോടെ 29.3 ബില്യൺ ഡോളർ ആസ്തിയുമായി സോഫ്‌റ്റ്‌വെയർ വ്യവസായിയായ ശിവ് നാടാർ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

പട്ടികയിൽ മൂന്ന് പുതുമുഖങ്ങൾ ആണ് ഇത്തവണ ഉള്ളത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീട്ടെയ്‌ലിംഗ് ഭീമനായ ലാൻഡ്‌മാർക്ക് ഗ്രൂപ്പിന്റെ ചെയർപേഴ്സൺ രേണുക ജഗ്തിയാനി, വസ്ത്ര കയറ്റുമതി രം​ഗത്തു പ്രവർത്തിക്കുന്ന സ്ഥാപനമായ കെ.പി.ആർ. മിൽ സ്ഥാപകനും ചെയർമാനുമായ കെ.പി. രാമസാമി എന്നിവരാണ് രണ്ട് പുതുമുഖങ്ങൾ. സെപ്തംബറിൽ അന്തരിച്ച ഏഷ്യൻ പെയിന്റ്സിന്റ്സ് സഹസ്ഥാപകൻ അശ്വിൻ ഡാനിയുടെ അനന്തരാവകാശികളാണ് പട്ടികയിലെ അടുത്ത പുതുമുഖങ്ങൾ.

Summary: Forbes India Rich List is out; Mukesh Ambani regains top position.

Exit mobile version