മിന്നലാക്രമണം നടത്തിയ ഹമാസിനു മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹമാസിലെ എല്ലാ അംഗങ്ങളും ‘മരിച്ച മനുഷ്യർ’ ആണെന്നു ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ ബെന്യാമിൻ പറഞ്ഞു. പലസ്തീനിലെ ഹമാസിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രയേൽ പിന്നോട്ടില്ലെന്നതിന്റെ സൂചനയാണ് മുന്നറിയിപ്പെന്നാണു നിഗമനം.
‘ഹമാസ് എന്നാൽ ദായേഷ് ആണ്. ലോകം ദായേഷിനെ അവസാനിപ്പിച്ചതു പോലെ ഞങ്ങൾ ഹമാസിനെ ഇല്ലാതാക്കും. ഹമാസിലെ എല്ലാ അംഗങ്ങളും മരിച്ച മനുഷ്യരാണ്’’– ബെന്യാമിൻ പറഞ്ഞു. ആഗോള ഭീകര സംഘടനയായ ഐഎസ് ഗൾഫ് മേഖലകളിൽ ദായേഷ് എന്നാണ് അറിയപ്പെടുന്നത്. ഐഎസിനെ ദായേഷ് എന്നു വിളിക്കണമെന്ന് നേരത്തേ ഇന്ത്യയും ആഭ്യന്തര സുരക്ഷാ വിഭാഗങ്ങൾക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും നിർദേശം നൽകിയിരുന്നു.
യുദ്ധപ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേലിൽ പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്സ്, പ്രധാനമന്ത്രി നെതന്യാഹു, പ്രതിരോധമന്ത്രി യോവ് ഗാലന്റ് എന്നിവരുൾപ്പെട്ട ദേശീയ ഐക്യസർക്കാർ രൂപീകരിച്ചു. യുദ്ധകാര്യങ്ങൾ സംയുക്തമായി കൈകാര്യം ചെയ്യാനാണു രാഷ്ട്രീയമായി രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചത്. യുദ്ധം അവസാനിക്കുന്നതു വരെയാണ് ഐക്യസർക്കാരിന്റെ കാലാവധി.