ഇസ്രയേൽ ഹമാസ് യുദ്ധം അഞ്ചാം ദിവസവും തുടരുകയാണ്. ഇപ്പോൾ ഗാസയിലെ ഹമാസിന്റെ കമാൻഡോ യൂണിറ്റ് ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. എന്നാൽ ഇതുവരെയും കരയുദ്ധം ആരംഭിച്ചിട്ടില്ല. അതേസമയം അതിർത്തിയിൽ ആയിരക്കണക്കിന് ഇസ്രയേൽ സൈനികർ ഗാസയിലേക്ക് കടക്കാനുള്ള നിർദേശം കാത്തുനിൽക്കുകയാണ്.
ഇന്ധനമില്ലാതെ അവസാന വൈദ്യുതി നിലയവും അടച്ചതോടെ ഗാസ ഇരുട്ടിലാണ്. തുർക്കി, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ സമവായ ചർച്ചകൾ നടക്കുന്നുണ്ട്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരെ മോചിപ്പിക്കാനും വ്യോമാക്രമണത്തിൽ തകർന്ന ഗാസയിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനുമാണ് മധ്യസ്ഥ ചർച്ചകൾ നടക്കുന്നത്. ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോടും ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ തടയരുതെന്ന് ഇസ്രയേലിനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. എങ്കിലും ഇരുവരും ഇത് സമ്മതിച്ചിട്ടില്ല.
നിലവിൽ യുദ്ധസാഹചര്യം കൈകാര്യം ചെയ്യാൻ ഇസ്രായേലിൽ സംയുക്ത സർക്കാരും മന്ത്രിസഭയും ഇന്നലെ രൂപീകരിച്ചു. പ്രതിപക്ഷ നേതാവ് ബെന്നി ഗാൻസും മന്ത്രിയാകും. യുദ്ധം കഴിയുംവരെ പ്രതിപക്ഷ പാർട്ടികൾ കൂടി ഉൾപ്പെട്ട സർക്കാർ രാജ്യത്തെ നയിക്കും.
Summary: Israel bombing Hamas commando headquarters in Gaza.