കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന്റെ ഉത്തരവ് ഇറങ്ങി. കര്‍ഷക കടാശ്വാസ കമ്മീഷനില്‍ കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും. വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ 2020 ഓഗസ്റ്റ് 30 വരെയും മറ്റു 12 ജില്ലകളിലെ കര്‍ഷകര്‍ 2016 മാര്‍ച്ച് 30 വരെയും എടുത്ത വായ്പകളാണ് പരിഗണിക്കുന്നത്. ഇതിന്റെ നിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ് സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.
കടാശ്വാസത്തിനുള്ള അപേക്ഷകൾക്ക് ചില രേഖകൾ കൂടി ആവശ്യമുണ്ട്. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാനം തെളിയിക്കുന്നതിനു വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അസല്‍, അപേക്ഷകന്‍ കര്‍ഷകനാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം, അല്ലെങ്കില്‍ കര്‍ഷക തൊഴിലാളി ആണെന്ന് തെളിയിക്കുന്ന കര്‍ഷക തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക് / ഐഡി പകര്‍പ്പ്, ഉടമസ്ഥാവകാശമുള്ള കൃഷി ഭൂമി എത്രയെന്ന് തെളിയിക്കുന്നതിനായി വസ്തുവിന്റെ കരം തീര്‍ത്ത രസീതിന്റെ പകര്‍പ്പ് അല്ലെങ്കില്‍ പാട്ട കരാറിന്റെ പകര്‍പ്പ്, വായ്പ നിലനില്‍ക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് (ഒന്നിലധികം വായ്പ എടുത്തിട്ടുണ്ടെങ്കില്‍ ആയത് അപേക്ഷയില്‍ ബാങ്കുകളുടെ വിശദാംശം സഹിതം വ്യക്തമായി രേഖപ്പെടുത്തണം) എന്നിവ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം.
മുൻപ് സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസം കര്‍ഷക കടാശ്വാസ കമ്മീഷനിലൂടെ ലഭിച്ചിട്ടുള്ളവര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ കഴിയില്ല. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ കടാശ്വാസ പദ്ധതിയുമായി സഹകരിക്കുന്നത് എന്നതിനാൽ മറ്റ് ബാങ്കുകളിലെ വായ്പാകുടിശികയിന്മേല്‍ അപേക്ഷ സ്വീകരിക്കില്ല.
Summary: The government issued an order to consider agricultural loans for debt relief.
Discussion about this post