93-ാമത് ദേശീയ ദിനാഘോഷത്തിന്റെ ആരവത്തിലാണ് സൗദി അറേബ്യ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നാളെ രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലായി അതിജ്വലമായ ആഘോഷ പരുപാടികളിലാണ് അരങ്ങേറാൻ പോകുന്നത്. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുൾ അസീസ് രാജാവ് 1932 ൽ സൗദിയുടെ ഏകീകരണം പൂർത്തിയാക്കിയതിന്റ ഓർമ പുതുക്കൽ കൂടിയായാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.’ഞങ്ങൾ സ്വപ്‌നം കാണുന്നു, നേടുന്നു’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.
ഒരാഴ്ച മുമ്പ് തന്നെ ദേശീയ ദിനാഘോഷത്തിന് സൗദിയിൽ തുടക്കം കുറിച്ചിരുന്നു.13 നഗരങ്ങളിലായി ആകാശ വിസ്മയവും സൗദി റോയൽ ആർമിയുടെ എയർഷോ ഒരുക്കുന്നുണ്ട്. ദേശീയ പതാകകളാലും ദീപാലങ്കാരങ്ങളാലും സൗദി ദേശീയ ദിനത്തെ ആഘോഷമാക്കുകയാണ്. വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമാർന്ന പരിപാടികളും നടക്കുന്നുണ്ട്.
നാവിക സേനയുടെ നേതൃത്വത്തിൽ യുദ്ധക്കപ്പലുകൾ അണിനിരത്തിയുളള നാവിക പ്രദർശനവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഭരണകർത്താക്കളും ആഘോഷ പരിപാടികളുടെ ഭാഗമാകും. വിവിധ കേന്ദ്രങ്ങളിൽ സൈനിക പരേഡും നടക്കും. വ്യത്യസ്തമാർന്ന വിനോദ പരിപാടികളും സംഘടിപ്പിക്കും.
അതേസമയം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുളള തിരക്ക് കണക്കിലെടുത്ത് ദുബായ് ആസ്ഥാനമായുളള എമിറേറ്റ്‌സ് എയർലൈൻ റിയാദിലേക്ക് 3 അധിക വിമാന സർവീസുകൾ ആരംഭിച്ചു.