വിഴിഞ്ഞം തുറമുഖത്തിന് ഔദ്യോഗിക പേരും ലോഗോയുമായി. വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്സ് തിരുവനന്തപുരം എന്ന പേരിൽ ഇനി കേരളത്തിൻറെ സ്വപ്ന പദ്ധതി അറിയപ്പെടും. തുറമുഖത്തിൻറെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. അടുത്ത മാസം നാലിന് ആദ്യ കപ്പൽ എത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തുറമുഖത്തിൻറെ പേരിൽ തിരുവനന്തപുരം ഉൾപ്പെടുത്തണം എന്ന ആവശ്യം ശക്തമായിരുന്നു. വിഴിഞ്ഞത്തെ ഒഴിവാക്കരുതെന്നും അഭിപ്രായമുണ്ടായിരുന്നു. ഇത് രണ്ടും പരിഗണിച്ചാണ് ഓദ്യോഗിക പേരിലേക്ക് എത്തിയത്.
അന്താരാഷ്ട്ര ബ്രാൻഡിംഗ് സാദ്ധ്യതകൾ ലക്ഷ്യമിട്ടാണ് ലോഗോ ഡിസൈനിംഗ്. രാജ്യത്തെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. സർക്കാരിന്റെ സ്പെഷൽ പർപ്പസ് കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷനൽ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്തു.
Discussion about this post