ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയ്ക്ക് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തകർച്ചയായിരുന്നു സ്വന്തം കാണികൾക്ക് മുന്നിൽ അഭിമുഖീകരിക്കേണ്ടിവന്നത്. വെറും 15.2 ഓവറിൽ 50 റൺസിന് ദ്വീപുകാരുടെ കഥ കഴിഞ്ഞു. ആറ് വിക്കറ്റെടുത്ത മൊഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകർത്തത്. വെറും 16 പന്തുകൾക്കിടയിൽ അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോർഡും സിറാജ് സ്വന്തമാക്കി.
മത്സരത്തിൻറെ നാലാം ഓവറിൽ നാല് വിക്കറ്റെടുത്താണ് സിറാജ് ശ്രീലങ്കയെ തിരിച്ചുവരാനാകാത്ത തകർച്ചയുടെ ആഴക്കയത്തിലേക്ക് തള്ളിയിട്ടത്. ഹർദിക് പാണ്ഡ്യ മൂന്നു വിക്കറ്റും ജസ്പ്രിത് ബുംറ ഒരു വിക്കറ്റും നേടി. 17 റൺസെടുത്ത കുശാൽ മെൻഡിസാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ലങ്കൻ ഇന്നിംഗ്സിൽ അഞ്ച് പേർ വിക്കറ്റെടുക്കാതെ പുറത്തായി.
ഓപ്പണർ പത്തും നിസാങ്ക(രണ്ട്), കുശാൽ പെരേര(പൂജ്യം), സധീര സമരവിക്രമ(പൂജ്യം), ചരിത്ത് അസലങ്ക(പൂജ്യം), ധനഞ്ജയ ഡിസിൽവ(നാല്),ദശുൻ ശനക(പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് തുടക്കത്തിലേ നഷ്ടമായത്. ഈ തകർച്ചയിൽനിന്ന് കരകയറാൻ അവർക്ക് സാധിച്ചില്ല.
ഏകദിന ചരിത്രത്തിൽ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് ഇന്ത്യയ്‌ക്കെതിരെ നേടിയത്. ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നത് രണ്ടു താരങ്ങൾ മാത്രം. കുശാൽ മെൻഡിസും (34 പന്തിൽ 17), ദുഷൻ ഹേമന്ദയും (15 പന്തിൽ 13). പതിനാറാം ഓവറിലെ അവസാന രണ്ടു പന്തുകളിലും വിക്കറ്റുകൾ വീഴ്ത്തി ഹാർദിക് പാണ്ഡ്യയാണ് ലങ്കയുടെ പതനം പൂർത്തിയാക്കിയത്. പാണ്ഡ്യ മൂന്നു വിക്കറ്റുകളും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും നേടി.
മൂന്ന് മണിക്കു തുടങ്ങേണ്ട മത്സരം മഴ കാരണം 3.45 ഓടെയാണ് ആരംഭിക്കാൻ സാധിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ സ്പിന്നിനെ പിന്തുണച്ചിരുന്ന പിച്ച്, ഫൈനൽ ദിനം പേസർമാരുടെ ഭാഗത്തേക്കു കൂറുമാറി. സിറാജിന്റെയും ബുമ്രയുടേയും ഓരോ ഓവറുകൾ മെയ്ഡനായിരുന്നു.
ക്രിക്കറ്റ് ചരിത്രത്തിൽ ഏകദിന ഫോർമാറ്റിൽ ഒരു ഫൈനലിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ശ്രീലങ്ക നേടിയത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പകരം ചോദിക്കൽ കൂടിയാണിത്. കാരണം ഇത്രയും കാലം ഇന്ത്യയുടെ അക്കൗണ്ടിലായിരുന്നു ഈ മോശം റെക്കോർഡ്. അതും ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ തന്നെ. 2000 ചാംപ്യൻസ് ട്രോഫിയിൽ ഷാർജയിൽ നടന്ന ഫൈനലിൽ ഇന്ത്യ 54ന് പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 299 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 26.3 ഓവറിൽ 54ന് പുറത്താവുകയായിരുന്നു.