ഫുട്ബോൾ ടീമിനെ തിരഞ്ഞെടുക്കാൻ എന്തൊക്കെ പരിഗണിക്കണം
ഫിറ്റ്നസ് ഉണ്ടാവണം. മികച്ച പെർഫോമൻസ് വേണം. ഇതൊക്കെയാണ് സാധാരണ യോഗ്യതാ മാനദണ്ഢങ്ങൾ.
എന്നാൽ ഇന്ത്യൻ ഫുട്ബോൾ സംഗതി വേറെ ലെവലാണ്. ഇവിടെ ടീമിനെ തിരഞ്ഞെടുക്കുമ്പോൾ കായിക ക്ഷമതയും മികച്ച പ്രകടനവുമല്ല മാനദണ്ഡം. മറിച്ച് ജാതകവും ഗ്രഹനിലയുമാണ്. കളിക്കാരുടെ ഗ്രഹനില കൂടി നല്ലതായാലേ ടീമിൽ ഇടം കിട്ടൂ.
എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ തിരഞ്ഞെടുക്കാൻ പരിശീലകൻ ഇഗോർ സ്റ്റിമാക് എ.ഐയുടേതല്ല, ജ്യോതിഷിയുടെ സഹായമാണ് തേടിയത്.
2022 ജൂണിൽ അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ജ്യോതിഷിയുടെ ഉപദേശപ്രകാരം രണ്ട് പ്രധാന താരങ്ങളെ ടീമിന് പുറത്തിരുത്തിയെന്നാണ് ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.
ഡൽഹി സ്വദേശിയായ ജ്യോതിഷി ഭൂപേഷ് ശർമയാണ് സ്റ്റിമാക്കിന്റെ വിശ്വസ്തൻ.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനുള്ള ടീമിനെ ജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് കോച്ച് ഇഗോർ സ്റ്റിമാക് തിരഞ്ഞെടുത്തത്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ കുശാൽ ദാസാണ് 2022 മേയിൽ ഇരുവരെയും പരസ്പരം പരിചയപ്പെടുത്തിയത്.വൻ തുക നൽകിയാണ് ജ്യോതിഷി ടീമിനെ സെലക്ട് ചെയ്യുന്നത്. രണ്ട് മാസത്തെ സേവനത്തിന് ഭൂപേഷ് ശർമ 12 മുതൽ 15 ലക്ഷം രൂപ വരെ കൈപ്പറ്റി. ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടിയത് ജ്യോതിഷി സെലക്ട് ചെയ്തത് കൊണ്ടാണത്രേ.
അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരം ജൂൺ 11 നായിരുന്നു.
ജൂൺ 9ന് തന്നെ താരങ്ങളുടെ പേരുകൾ കോച്ച് ഇഗോർ സ്റ്റിമാച്ച് ജ്യോതിഷിക്ക് കൈമാറി.
പരുക്കുകളോടെ വലയുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് ടൂർണമെന്റിൽ തുടരണമെങ്കിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരം ജയിച്ചേ മതിയാകുമായിരുന്നുള്ളൂ.
പട്ടിക ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ, ഓരോ കളിക്കാരന്റെയും ഗ്രഹനില ജ്യോതിഷി പ്രവചിച്ചു.
ചിലരുടെ പേരിന് നേരെ കളിപ്പിക്കരുതെന്നും, ചിലർ വളരെ നന്നായി െചയ്യുമെന്നും ചിലരുടേത് മോശം ദിവസമായിരുന്നുവെന്നുമായിരുന്നു പ്രവചനം.
ഇത് പ്രമാണമാക്കിയ സ്റ്റിമാക്ക് രണ്ട് പ്രധാന താരങ്ങളെ ടീമിൽനിന്ന് ഒഴിവാക്കി.
പ്രവചനം ഫലിച്ചത് പോലെ അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇന്ത്യ 2–1ന് ജയിച്ചു.
ഇതോടെ പല മത്സരങ്ങളിലും ടീം സെലക്ഷന് ജ്യോതിഷിക്ക് നൽകി.
ഗ്രഹങ്ങളുടെയും രാശികളുടെയും അടിസ്ഥാനത്തിൽ ടീമിൽ കളിക്കാർക്ക് ഇടം കിട്ടി.
2022 മെയ്, ജൂൺ മാസങ്ങളിൽ ഇന്ത്യൻ ടീം നാല് മത്സരങ്ങൾ കളിച്ചു. ജോർദാനെതിരെയുള്ള ഒരു സൗഹൃദ മത്സരവും കംബോഡിയ, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നിവയ്ക്കെതിരായ മൂന്ന് ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഓരോ മത്സരത്തിന് മുൻപും ജ്യോതിഷിയുമായി സ്റ്റിമാക് കളിക്കാരുടെ ലിസ്റ്റ് പങ്കുവച്ചു. താരങ്ങളുടെ പരുക്ക്, സബ്സ്റ്റിറ്റ്യൂഷൻ തന്ത്രങ്ങൾ എന്നിവയിലും ജ്യോതിഷിക്ക് നിർണായപങ്കുണ്ടെന്നുള്ള വിവരവും പുറത്തുവന്നു.
ഭൂപേഷ് ശർമ്മ അത്രനിസാരക്കാരനല്ല. വമ്പൻ ടെലികോം കമ്പനികളും ബോളിവുഡ് സെലിബ്രിറ്റികളുമൊക്കെ പുള്ളിയുടെ ക്ലയന്റ് ലിസ്റ്റിലുണ്ട്.
Discussion about this post