നിപ സാഹചര്യത്തിൽ കേന്ദ്രസംഘം ബുധനാഴ്ച കേരളത്തിലെത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവർക്കുപുറമെ, പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ ലാബ് യൂണിറ്റും ചെന്നെെ ഐ.സി.എം.ആറിൽ നിന്നുള്ള സംഘവും സംസ്ഥാനത്തെത്തും. സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനഫലം സംസ്ഥാനസർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് ചേർന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ നിപ സംശയിച്ച് മരിച്ച രണ്ട് പേരുടെ സമ്പർക്കപ്പട്ടികയിൽ 168 പേരുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആദ്യം മരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ 158 പേരുണ്ട്. ഇതിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്. രണ്ടാമത്തെയാളുടെ സമ്പർക്കപ്പട്ടികയിലുള്ള 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ നൂറിലേറെ പേരുമായി സമ്പർക്കം പുലർത്തിയതായാണ് വിവരം മറ്റുള്ളവരുടെ വിവരം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. രോഗലക്ഷണമുള്ളവർ ഹെൽപ് ലൈനുമായി ബന്ധപ്പെടണം. കോഴിക്കോട് ജില്ലയിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0495 2383100, 0495 2383101, 0495 2384100, 0495 2384101 എന്നീ നമ്പറുകളിൽ വിളിക്കാം.
Summary: Nipah virus: 168 people on contact list; 127 are health workers; Seven people are under treatment
Discussion about this post