വിരമിക്കാൻ തീരുമാനിച്ചാൽ ആദ്യം കണ്ടത്തേണ്ടത് മാസ വരുമാനമാണ്. പെൻഷൻ ലഭിക്കാത്തവരാണ് നിങ്ങൾ എങ്കിൽ വരുമാനം ഉണ്ടാക്കാനുള്ള മാർഗം കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
പെൻഷൻ കിട്ടിയ തുക റിയൽ എസ്റ്റേറ്റ് ബിസിനെസ്സിൽ നിക്ഷേപിക്കുന്ന പ്രവണതായാണ് ഈ ഇടയായി കണ്ട് വരുന്നത്. എന്നാൽ അതിലും കുറഞ്ഞ റിസ്കിൽ വരുമാനം കണ്ടെത്താനുള്ള നിക്ഷേപങ്ങൾ ഇന്നുണ്ട്. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സകീം, പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി പോലുള്ളവ. നിങ്ങൾക്കുപയോഗമാകുന്ന 5 നിക്ഷേപങ്ങൾ ചുവടെ.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
5 വർഷ കാലയളവിൽ മാസ വരുമാനം നേടാൻ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കാം. 9 ലക്ഷം രൂപ വരെ വ്യക്തിഗത അക്കൗണ്ടിൽ നിക്ഷേപിക്കാം. 15 ലക്ഷം രൂപയാണ് ജോയിന്റ് അക്കൗണ്ടിലെ പരമാവധി നിക്ഷേപം. 7.40 ശതമാനം പലിശ നിക്ഷേപത്തിന് ലഭിക്കും. അക്കൗണ്ട് ആരംഭിച്ച് ഒരു മാസം പൂർത്തിയാകുമ്പോൾ പലിശ ലഭിച്ചു തുടങ്ങും. നികുതി ഇളവുകളൊന്നും നിക്ഷേപത്തിന് ലഭിക്കില്ല.
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സകീം
60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്ഥിര വരുമാനം നൽകുന്ന ലഘു സമ്പാദ്യ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സകീം. ത്രൈമാസത്തിലാണ് പലിശ വരുമാനം ലഭിക്കുന്നത്. 1,000 രൂപ മുതൽ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 8.20 ശതമാനം പലിശ നിക്ഷേപത്തിന് ലഭിക്കും. 5 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. 1 വർഷം കഴിഞ്ഞാൽ പിൻവലിക്കൽ അനുവദിക്കും.
മ്യൂച്വൽ ഫണ്ട്
ദീർഘകാലത്തേക്ക് വരുമാനം ആഗ്രഹിക്കുന്നവർ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. ഇക്വറ്റി ഫണ്ടുകൾ തിരഞ്ഞെടുക്കുന്നത് ദീർഘകാലത്തേക്ക് മികച്ച വരുമാനം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. റിസ്‌കെടുക്കാനുള്ള ശേഷി അനുസരിച്ച് ലാർജ് കാപ് ഫണ്ട്, ബാലൻസ്ഡ് ഫണ്ട്, മന്ത്‌ലി ഇൻകം പ്ലാൻ എന്നിവയിൽ നിക്ഷേപിക്കാം. സെക്ടറൽ ഫണ്ട്, മിഡ്കാപ്, സ്‌മോൾ കാപ് ഫണ്ട് എന്നിവയെ ഒഴിവാക്കാം. അതോടൊപ്പം നേരത്തെ ആരംഭിച്ച മ്യൂച്വൽ ഫണ്ട് നിക്ഷേപം ഡെ്ബ്റ്റ് ഫണ്ടിലേക്ക് മാറ്റി സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവൽ പ്ലാൻ വഴിയും വരുമാനം ഉണ്ടാക്കാം.
ആർബിഐ ഫ്‌ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട്
വർഷത്തിൽ 2 തവണ പലിശ വരുമാനം ഉറപ്പാക്കാൻ ആർബിഐ ഫ്‌ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട് സഹായിക്കും. ജനുവരി 1 നും ജൂലായ് 1 നും പലിശ ലഭിക്കും. പദ്ധതിയുടെ പലിശ നിരക്ക നാഷണൽ സേവിംഗ്‌സ് സ്‌കീമുമായി ലിങ്ക് ചെയ്തിട്ടുണ്ട്. സേവിംഗ്സ് സ്‌കീമിന്റെ പലിശയേക്കാൾ 0.35 ശതമാനം അധിക നിരക്ക് ആർബിഐ ഫ്‌ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിന് ലഭിക്കും. അർധ വർഷത്തിൽ പലിശ നിരക്ക് പരിഷ്‌കരിക്കും.
1,000 രൂപ മുതൽ പരിധിയില്ലാതെ നിക്ഷേപിക്കാം. 7 വർഷമാണ് പദ്ധതിയുടെ കാലാവധി. 60-70 വയസിനടിയിലുള്ള നിക്ഷേപകർക്ക് 6 വർഷമാണ് ലോക്ഇൻ പിരിയഡ്. 70-80 വയസിനിടയിലുള്ള നിക്ഷേപകർക്ക് 5 വർഷത്തിന് ശേഷം നിക്ഷേപം പിൻവലിക്കാം. 80 വയസിന് മുകളിലിലുള്ളവർക്ക് 4 വർഷത്തിന് ശേഷവും പിൻവലിക്കാം.
ബാങ്ക് സ്ഥിര നിക്ഷേപം
ബാങ്ക് സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും. ആവശ്യമുള്‌ല കാലാവധിയിലേക്ക് നിക്ഷേപം തിരഞ്ഞെടുക്കുകയുമാകാം. മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പലിശ വാങ്ങാം.
Summary: How to find Monthly Earnings for Senior citizens