സൂര്യനിലേക്കുള്ള യാത്രയ്ക്കിടെ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രം പകർത്തി ആദിത്യ-എൽ1

ഇന്ത്യയുടെ ആദ്യ സൂര്യപര്യവേഷണം പേടകമായ ആദിത്യ എൽ 1 പകർത്തിയ ചിത്രങ്ങൾ ഐഎസ്‌ആർഒ പുറത്തുവിട്ടു. സാങ്കൽപ്പിക ഭ്രമണപഥത്തിലേക്കുള്ള യാത്രയ്ക്കിടെ ആദിത്യ എൽ1 എടുത്ത സ്വന്തം ചിത്രം അടക്കമാണ് ഐഎസ്‌ആർഒ പുറത്തുവിട്ടത്.

ഒരു സെൽഫിയും ഒപ്പം ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആദിത്യ പകർത്തിയ സെൽഫിയിൽ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫും (വിഇഎൽസി), സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്കോപ്പും (എസ്‌യുഐടി) വ്യക്തമായി കാണാം. സൂര്യന്റെ പ്രത്യേകതകൾ പഠിക്കാനായി ആദിത്യ എൽ 1ൽ ഘടിപ്പിച്ചിരിക്കുന്ന പേലോഡുകളാണ് ഇവ രണ്ടും.

ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ സെപ്തംബർ മൂന്നിന് 11.50 നായിരുന്നു ആദിത്യ എൽ 1ന്റെ വിക്ഷേപണം. പിഎസ്എൽവി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം. നാലുമാസം നീളുന്ന യാത്രയ്ക്കൊടുവിൽ ജനുവരി ആദ്യവാരം ലക്ഷ്യത്തിലെത്തും. ഭൂമിയിൽനിന്ന്‌ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്‌ ഒന്നിൽനിന്നാണ്‌ പേടകം സൂര്യനെ നിരീക്ഷിച്ച്‌ വിവരങ്ങൾ ശേഖരിക്കുക.

 

 

Summary: Aditya-L1 captured images of the Earth and Moon during its journey to the Sun

Exit mobile version