എയർ ഇന്ത്യയുടെ ഒറ്റ ടിക്കറ്റ് കൊണ്ട് ഇനി യൂറോപ്പ് ചുറ്റി കറങ്ങാം. ആക്സസ് റെയിലുമായി സഹകരിച്ചുള്ള ഇന്റര്‍മോഡല്‍ ഇന്റര്‍ലൈന്‍ കരാര്‍ വഴിയാണ് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. യൂറോപ്പിലെ വിവിധ നഗരങ്ങൾ ചുറ്റിയടിക്കാൻ ഇനി ഒരൊറ്റ ടിക്കറ്റ് മതി. കൂടാതെ ഇതേ ടിക്കറ്റ് ഉപയോഗിച്ചു തന്നെ ബസ്, ട്രെയിന്‍ യാത്രയും നടത്താമെന്നതിനാല്‍ എയര്‍പോര്‍ട്ട് സൗകര്യമില്ലാത്ത ചെറു നഗരങ്ങളും ചുറ്റിക്കാകാണാനാകും.
ഓസ്ട്രിയ, ബെല്‍ജിയം, ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക്, ഹംഗറി, ഇറ്റലി, യു.കെ എന്നിവിടങ്ങളിലെ നഗരങ്ങളും പട്ടണങ്ങളും അനായാസമായി ബന്ധിപ്പിക്കുന്ന ഒരു ഇന്റര്‍മോഡല്‍ യാത്രാ സൗകര്യമാണിത്. ലഗേജ് അലവന്‍സ് നിലനിറുത്തിക്കൊണ്ട് തന്നെ നൂറിലേറെ യൂറോപ്യന്‍ നഗരങ്ങളില്‍ ഈ ടിക്കറ്റുപയോഗിച്ച് യാത്ര ചെയ്യാനാകും. ആംസ്റ്റര്‍ഡാം, ബെമിംഗ്ഹം, ലണ്ടന്‍ ഹീത്രൂ, ലണ്ടന്‍ ഗാറ്റ്വിക്ക്, മിലാന്‍, വിയന്ന എന്നിവിടങ്ങളിലേക്കും ഈ സേവനം ലഭിക്കും. എയര്‍ ഇന്ത്യയുടെ ഈ ടിക്കറ്റുകള്‍ ആഗോളതലത്തില്‍ ട്രാവല്‍ ഏജന്റുമാര്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കും.
Summary: Travel all over Europe; With this single ticket of Air India.