ഇന്ത്യയിലെ കൊവിഡ്-19 വാക്സിനുകൾക്ക് ഹൃദയാഘാത സാധ്യതയുമായി ബന്ധമില്ലെന്ന് പുതിയ പഠന റിപ്പോർട്ട്

ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവിഡ് -19 വാക്‌സിനുകൾക്കും ഹൃദയാഘാതത്തിനും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. PLOS One ജേണലിലാണ് അടുത്തിടെ ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷൻ (AMI) അല്ലെങ്കിൽ ഹൃദയാഘാതത്തെ തുടർന്നുള്ള മരണനിരക്കിൽ ഇന്ത്യൻ വാക്സിനുകളായ കോവിഷീൽഡ്, കോവാക്‌സിൻ എന്നിവയ്ക്ക് പങ്കില്ലെന്നാണ് ഗവേഷണം വ്യക്തമാക്കുന്നത്. 2021 ഓഗസ്റ്റിനും 2022 ഓഗസ്റ്റിനും ഇടയിൽ ഡൽഹിയിലെ ജിബി പന്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച 1,578 പേരുടെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. ഇവരിൽ 1,086 അതായത് 68.8 ശതമാനം പേർ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരാണ്. 492 പേർ, അതായത് 31.2 ശതമാനം വാക്സിനേഷൻ ലഭിക്കാത്തവരുമായിരുന്നു. വാക്സിനേഷൻ എടുത്തവരിൽ തന്നെ 1,047 പേർക്ക് (96 ശതമാനം) രണ്ട് ഡോസ് വാക്സിനും എടുത്തവരാണ്.

ഇന്ത്യയിൽ ഉപയോഗിക്കുന്ന വാക്സിൻ സുരക്ഷിതമാണെന്ന് ആണ് പഠനം വെളിപ്പെടുത്തിയത്. വാസ്തവത്തിൽ വാക്സിനേഷൻ എടുത്ത ആളുകളിൽ ഹൃദയാഘാതത്തെത്തുടർന്ന് മരണസാധ്യത കുറവാണെന്നാണ് പഠനം കണ്ടെത്തിയത് എന്നാണ് പഠനത്തിന് നേതൃത്വം നൽകിയ മോഹിത് ഗുപ്ത പറഞ്ഞത്.

ഇന്ത്യയിൽ കോവിഡ് -19 വാക്‌സിനുകൾ ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് ആശങ്കകൾ ഉയർന്നിരുന്നു. പ്രത്യേകിച്ച് ഇന്ത്യ പോലെ ജനസാന്ദ്രത കൂടുതലുള്ള രാജ്യത്ത്. ഇതിനിടയിലാണ് പുതിയ പഠനം ആശ്വാസമായി എത്തിയത്.

Summary: A new study reports says no link between India’s covid-19 vaccines and heart attack risk.

Exit mobile version