ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചു. പിഎസ്എൽവി സി 57 എന്ന വിക്ഷേപണ വാഹനമാണ് പേടകത്തെയും വഹിച്ച് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. 11.50 യോടെയാണ് വിക്ഷേപണം നടന്നത്.
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ ഇപ്പോൾ അയച്ചിരിക്കുന്നത്. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. നാല് മാസമെടുത്താകും പേടകം ഹാലോ ഭ്രമണപഥത്തിലെത്തുക. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണ ബലം സന്തുലിതമായ ഈ പോയിന്റിൽ നിന്നാകും ആദിത്യ എൽ1 സൂര്യനെ പഠിക്കുന്നത്.
സൗരാന്തരീക്ഷത്തിന്റെ മുകൾ ഭാഗം ചൂടാകുന്നതിനെ കുറിച്ചും, അത് മൂലം ഉണ്ടാകുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കലാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. സൂര്യന്റെ കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊക്കെ ആയി ഏഴ് പേലോഡുകളാണ് ആദിത്യ എൽ വണ്ണിലുള്ളത്.
ചരിത്ര നേട്ടവുമായി ചന്ദ്രനെ തൊട്ട് പത്ത് ദിവസങ്ങൾക്കകം മറ്റൊരു സുപ്രധാന ദൗത്യം നടത്തിയിരിക്കുകയാണ് ഐഎസ്ആർഒ. സൂര്യനെ ലക്‌ഷ്യം വച്ചുള്ള ആദ്യ ദൗത്യം എന്നതാണ് ഈ വിക്ഷേപണം ഏറെ ശ്രദ്ധേയമാക്കുന്നത്. യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെലൂണില്ല. നമ്മുടെ സൗരയൂധത്തിന്റെ ഊർജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ലക്ഷ്യം.
Summary: ISRO launches Aditya-L1 solar mission.
Discussion about this post