നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹീറോ മോട്ടോകോർപ്പ് പുതിയ കരിസ്മ XMR 210 പുറത്തിറക്കി. ഹോണ്ടയും ഹീറോ മോട്ടോകോർപ്പും തമ്മിലുള്ള പങ്കാളിത്തത്തോടെ 2003ലാണ് കരിസ്മ ആദ്യമായി അവതരിപ്പിച്ചത്.
സുസുക്കി Gixxer SF 250, Yamaha R15, Bajaj Pulsar RS 200 എന്നിവയുമായി ഈ ബൈക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം വിപുലപ്പെടുത്തുക എന്നതാണ് ഈ ലോഞ്ചിലൂടെ ഹീറോ മോട്ടോകോർപ്പിന്റെ ലക്ഷ്യം.
25.15 bhp കരുത്തും പരമാവധി 20.4 Nm torque ഉം സൃഷ്ടിക്കാൻ കഴിയുന്ന 210cc സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് പുതിയ കരിസ്മ XMR 210 ന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് ഗിയർബോക്സായിരിക്കും ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.
ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ക്രമീകരിക്കാവുന്ന മോണോഷോക്ക് അബ്‌സോർബറുകളും പുതിയ കരിസ്‌മയുടെ സവിശേഷതകളാണ്. ഡ്യുവൽ-ചാനൽ എബിഎസിനൊപ്പം മുന്നിലെയും പിന്നിലെയും ചക്രങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഡിസ്ക് ബ്രേക്കുകൾ ബ്രേക്കിംഗ് ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യും.
1,72,900 രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ് ഹീറോ കരിസ്മ XMR 210 പുറത്തിറക്കിയിരിക്കുന്നത്, പ്രാരംഭ ഓഫർ അവസാനിച്ചുകഴിഞ്ഞാൽ ഇത് ഏകദേശം ₹2 ലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് 29 ഉച്ചയ്ക്ക് ശേഷം കരിസ്മ XMR 210 ബുക്കിംഗിന് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
Summary: Hero Karizma XMR 210 launched in India at ₹1,72,900