ചരിത്രം കുറിച്ച് നീരജ് ചോപ്ര: അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രക്ക് സ്വർണം. 88.17 മീറ്റർ ജാവലിൻ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണ മെഡൽ സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും ഒളമ്പിക്‌സിലും സ്വർണ മെഡൽ കരസ്ഥമാക്കുന്ന അത്യപൂർവ്വ നേട്ടംകൂടിയാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്. പാകിസ്താന്റെ അർഷാദ് നദീമിനാണ് വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി.

ബുഡാപെസ്റ്റ് ഫൈനലിൽ ഇറങ്ങിയ നീരജ് ചോപ്രയുടെ ആദ്യ ശ്രമം ഫൗളായി. എന്നാൽ അടുത്ത ശ്രമത്തിൽ 88.17 മീറ്ററുമായി നീരജ് ഏറ്റവും മുന്നിലെത്തി. 87.82 മീറ്ററുമായി പാകിസ്ഥാൻറെ അർഷാദ് നദീം, നീരജിന് കനത്ത വെല്ലുവിളിയുയർത്തിയപ്പോഴും,  മൂന്നാം ശ്രമത്തിൽ 86.32ലെത്താനേ നീരജിനായുള്ളൂ. 84.64, 87.73, 83.98 എന്നിങ്ങനെയാണ് പിന്നീടുള്ള ശ്രമങ്ങളിൽ നീരജ് പിന്നീട്ട ദൂരം. എന്നാൽ തൻറെ രണ്ടാം ശ്രമം കൊണ്ടുതന്നെ നീരജ് ചോപ്ര സ്വർണം ഉറപ്പിച്ചിരുന്നു. കടുത്ത മത്സരം കാഴ്ചവെച്ച പാകിസ്ഥാൻറെ അർഷാദ് നദീം(87.82 മീറ്റർ) വെള്ളി സ്വന്തമാക്കി. 86.67 മീറ്ററുമായി ചെക് താരം യാകൂബിനാണ് വെങ്കലം. 90 മീറ്റർ കണ്ടെത്താൻ കഴിയാതിരുന്നത് മാത്രമാണ് നീരജിന് നിരാശയായത്.

കഴിഞ്ഞവർഷം യൂജിനിൻ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര രണ്ടാമനായിരുന്നു. 88.13 മീറ്റർ ദൂരമാണ് അന്ന് അദ്ദേഹം ത്രോചെയ്തത്. ടോക്യോ ഒളിമ്പിക്‌സിൽ 87.58 മീറ്റർ ദൂരം എറിഞ്ഞാണ് സ്വർണം കരസ്ഥമാക്കിയത്.

നീരജിനൊപ്പം ഫൈനലിലെത്തിയ മറ്റു ഇന്ത്യൻ താരങ്ങളായ കിഷോർ ജെനയ്ക്കും ഡി.പി. മനുവിനും മികച്ച പ്രകടനം പുറത്തെടുക്കാനായി. അഞ്ചാം സ്ഥാനത്തെത്തിയ കിഷോർ ജെന (84.77 മീറ്റർ) കരിയറിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഡി.പി. മനു (84.12 മീറ്റർ) ആറാം സ്ഥാനത്താണ് എത്തിയത്.

 

 

Summary: Neeraj Chopra the First Indian to win gold in athletics championship

Exit mobile version