വാതുവയ്പ്പ് ചൂതാട്ടം പോലെയുള്ള പരസ്യങ്ങൾക്ക് ഉടൻ അവസാനിപ്പിക്കണമെന്ന് നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാർ. ഇത്തരത്തിലുള്ള പ്രൊമോഷനുകളും അവസാനിപ്പിക്കാൻ നിർദ്ദേശമുണ്ട്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മാധ്യമ സ്ഥാപനങ്ങൾ, ഓൺലൈൻ പരസ്യ ഇടനിലക്കാർ, സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകൾ എന്നിവയുൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കണം. നിർദ്ദേശം നടപ്പിലാക്കിയില്ലെങ്കിൽ വിവിധ ചട്ടങ്ങൾ പ്രകാരം നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമായ പ്രവർത്തനമാണ്. അതുകൊണ്ട് ഏതെങ്കിലും മാധ്യമ പ്ലാറ്റ്ഫോമുകളിൽ നേരിട്ടോ അല്ലാതെയോ അത്തരം കാര്യങ്ങളുടെ പരസ്യങ്ങളും പ്രമോഷനും നടത്തുന്നത് ഉപഭോക്തൃ സംരക്ഷണ നിയമവും പ്രസ് കൗൺസിൽ ആക്ടും ഉൾപ്പെടെയുള്ള വിവിധ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് നിർദേശത്തിൽ പറയുന്നു.
ഇത്തരം പരസ്യങ്ങൾ കുട്ടികളെയും യുവാക്കളെയും ചൂതാട്ടം, വാതുവയ്പ്പ് മുതലായവയിലേക്ക് നയിക്കുകയും അത് കാര്യമായ സാമൂഹിക സാമ്പത്തിക അപകട സാധ്യതകൾ സൃഷ്ടിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. ചൂതാട്ട പരസ്യങ്ങൾക്ക് പണം നൽകുന്നതിന് കള്ളപ്പണം ഉപയോഗിക്കാനുള്ള സാധ്യതയും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇതിന് കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലകളുമായി ബന്ധമുണ്ടെന്നും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണി ഉണ്ടാകുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതിന് പുറമെ ക്രിക്കറ്റ് ടൂർണമെന്റുകൾ ഉൾപ്പെടെയുള്ള പ്രധാന കായിക മത്സരങ്ങളിൽ വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്ഫോമുകളുടെ പ്രോത്സാഹനം വർദ്ധിപ്പിക്കുന്ന പ്രവണതയുണ്ടെന്നും മന്ത്രാലയം നിരീക്ഷിച്ചു.
Summary: No Gambling, Betting Advertisements: Central Govt’s New Directive.
Discussion about this post