വാഹന സുരക്ഷയ്ക്ക് ഇനി റേറ്റിംഗ്; ഇന്ത്യയുടെ സ്വന്തം എൻസിഎപി ഒക്ടോബർ മുതൽ

പുതിയ വാഹങ്ങളുടെ സുരക്ഷ വിലയിരുത്തുന്നതിനായി സർക്കാർ ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (B-NPAC) ആരംഭിക്കും. ക്രാഷ് ടെസ്റ്റുകൾ നടത്തി വാഹനത്തിന്റെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി സ്റ്റാർ റേറ്റിംഗ് നൽകും. ഇത് രാജ്യത്തെ റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കും. ഒക്ടോബറോടെ ആകും ഈ പ്രോഗ്രാമിന്റെ തുടക്കം.

പ്രതിവർഷം ഏതാണ്ട് 5 ലക്ഷം അപകടങ്ങളും 1.5 ലക്ഷം മരണങ്ങളും സംഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യയിൽ സുരക്ഷിത വാഹനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച്, ചൊവ്വാഴ്ച ബി-എൻസിഎപിയുടെ സമാരംഭം പ്രഖ്യാപിച്ചുകൊണ്ട് റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സൂചിപ്പിച്ചു.

റേറ്റിംഗ് സംവിധാനം വരുന്നതോടെ ഉപഭോക്താക്കൾക്ക് സുരക്ഷിതമായ കാറുകൾ തിരഞ്ഞെടുക്കാൻ സഹായിക്കും. ഒപ്പം നിർമാണ കമ്പനികൾക്കിടയിൽ പരസ്പരം ആരോഗ്യകരമായ മത്സരം സാധ്യമാക്കി മെച്ചപ്പെട്ട നിർമാണം നടത്താനും ഇത് കാരണമാകും. ക്രാഷ് ടെസ്റ്റുകളെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ കാറുകളുടെ സ്റ്റാർ റേറ്റിംഗ് കാറുകളുടെ ഘടനാപരവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് മാത്രമല്ല, ഇന്ത്യൻ വാഹനങ്ങളുടെ കയറ്റുമതി-യോഗ്യത വർദ്ധിപ്പിക്കുന്നതിനും നിർണായകമാണ്.

Summary: Star rating for vehicle safety; India’s own NCAP from October.
Exit mobile version