ചാന്ദ്ര ദൗത്യം പൂർത്തിയായാലുടൻ സൗരദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ. ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 ശ്രീഹരിക്കോട്ടയിലെ സ്‌പേസ്‌പോർട്ടിൽ എത്തിച്ചു. ഓഗസ്റ്റ് അവസാനം അല്ലെങ്കിൽ സെപ്‌തംബർ ആദ്യം ആദിത്യ എൽ ഒന്നിന്റെ വിക്ഷേപണം നടത്താൻ കഴിയുമെന്നാണ് ഐ എസ് ആർ ഒ പ്രതീക്ഷിക്കുന്നത്. ഐഎസ്ആർഒയാണ് സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ ആദിത്യയെ വിക്ഷേപണം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.
ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലങ്ങൾ ആകർഷണവും വികർഷണവും സൃഷ്‌ടിക്കുന്ന മേഖലയാണ് ലഗ്രാൻജിയൻ പോയിന്റ്. ഭൂമിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പോലെ ഇവിടെ ബഹിരാകാശ പേടകങ്ങൾക്ക് സ്ഥിരം സ്ഥാനത്ത് നിലയുറപ്പിക്കാം. ഇന്ധന ഉപയോഗം ഏറ്റവും കുറവായിരിക്കും. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ1 പോയിന്റിൽ പാർക്ക് ചെയ്യുന്നതിനാലാണ് ആദിത്യ എൽ 1 എന്ന പേര്. ഇവിടെ നിന്ന് ആദിത്യക്ക് സൂര്യനെ മുഴുവൻ സമയവും തടസങ്ങളില്ലാതെ കാണാനാകും.
400 കിലോ ഭാരമുള്ള ആദിത്യ ഉപഗ്രഹത്തിൽ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വി.ഇ.എൽ.സി) ഉൾപ്പെടെ ഏഴ് ഉപകരണങ്ങളാണുള്ളത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാൻജിയൻ പോയിന്റ് ഒന്നിൽ സ്ഥിരമായി നിന്ന് സൂര്യനെ പഠിക്കുകയാണ് ആദിത്യ എൽഒന്നിന്റെ ദൗത്യം. കൊറോണൽ മാസ് എജക്ഷനുകളുടെ ചലനാത്മകതയും ഉത്ഭവവും ഉൾപ്പെടെയുള്ള സൂര്യന്റെ നിരവധി സവിശേഷതകൾ പഠിക്കും.
Summary: ISRO to launch its first solar mission Aditya-L1 to study Sun