ഇന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് അറുപതാം പിറന്നാൾ; ആദരവുമായി ഗൂഗിള്‍

സൗന്ദര്യകൊണ്ടും അഭിനയ മികവ് കൊണ്ടും ആരാധാരകരെ കോരിത്തരിപ്പിച്ച നടി. പുരുഷ താരങ്ങളുടെ പേരിനൊപ്പം ചേർക്കപെടുന്ന “സൂപ്പർ സ്റ്റാർ “പദവി ആദ്യമായി നേടിയെടുത്ത നടി. ബോളിവുഡിന്റെ മുഖശ്രീയായിരുന്ന ശ്രീദേവിയുടെ ജന്മദിനമാണിന്ന്. മരണം ശ്രീദേവിയെ തട്ടി എടുത്തില്ലായിരുന്നുവെങ്കിൽ 60-ാം പിറന്നാൾ ആഘോഷിച്ചേനെ അവർ. തലമുറകളുടെ പ്രിയ അഭിനേത്രിയുടെ 60-ാം ജന്മവാർഷികം ഓർമ്മിപ്പിച്ച് എത്തിയിരിക്കുകയാണ് പ്രമുഖ സെർച്ച് എൻജിനായ ഗൂഗിൾ. ശ്രീദേവിയുടെ മനോഹരമായ ചിത്രീകരണമാണ് ഇന്നത്തെ അവരുടെ ഡൂഡിൽ.

അയ്യപ്പന്റേയും രാജേശ്വരിയുടെയും മകളായി 1963 ഓഗസ്റ്റ് 13 ന് ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിലാണ് ശ്രീദേവി അഭിനയരംഗത്തേക്ക് എത്തുന്നത്. തമിഴിൽ മാത്രമല്ല മലയാളത്തിലും ബാലതാരമായി അഭിനയിച്ചു. ‘പൂമ്പാറ്റ’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡും ലഭിച്ചു.

1976 ൽ പതിമൂന്നാം വയസ്സിൽ, കെ ബാലചന്ദർ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ കമൽഹാസനും രജനീകാന്തിനുമൊപ്പമാണ് നായികയായുള്ള അരങ്ങേറ്റം. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1981 ൽ മൂന്നാംപിറൈയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.

മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കൾ, മൂന്നാം പിറ, മിസ്റ്റർ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ദേവരാഗം, തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രിയടക്കം ഏകദേശം 26-ഓളം മലയാളസിനിമകളിൽ അവർ വേഷമിട്ടിട്ടുണ്ട്.

തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കവെയാണ് ബോളിവുഡിലേക്ക് ചേക്കേറിയ  ശ്രീദേവി, പതുക്കെ അവിടത്തെ താരറാണിയാകുകയായിരുന്നു. 1983-ൽ ജിതേന്ദ്രയുടെ നായികയായതോടെ ബോളിവുഡിലും തിരക്കേറി. ശ്രീദേവിയുടെ ജീവിതത്തിലുണ്ടായ  വലിയവിവാദം ബോണി കപൂറുമായുള്ള വിവാഹമായിരുന്നു. വിവാദങ്ങൾക്കൊടുവിൽ 1996 ലാണ് ബോണി കപൂറിനെ ശ്രീദേവി വിവാഹം ചെയ്തത്.

2013-ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിംഫെയർ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. അഭിനയംകൊണ്ടും സൗന്ദര്യംകൊണ്ടും ഇന്ത്യൻസിനിമയിൽ ജ്വലിച്ചുനിന്നിരുന്ന നടിയുടെ വിയോഗം ആരാധകരെയും സിനിമാമേഖലയെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.

കുടുംബാംഗങ്ങൾക്കൊപ്പം ദുബായിലെത്തിയ താരത്തെ ഹോട്ടൽമുറിയിലെ ബാത്ടബ്ബിൽ 2018 ഫെബ്രുവരി 24-ന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാതാണ് മരണ കാരണമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കിയിരുന്നു.

 

 

Summary: An enigma called Sridevi: Bollywood’s first female superstar would have turned 60 today

Exit mobile version