ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ആരോഗ്യസേവനം ലഭ്യമാക്കുക എന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം മുന്നോട്ട്. കേരളത്തിൽ നിലവിലുള്ള 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ (പിഎച്ച്സി) 630 എണ്ണം ഇതിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി (എഫ്എച്ച്സി) മാറ്റിയിട്ടുണ്ട്. ബാക്കിയുള്ള 256 പിഎച്ച്സികളും വരും മാസങ്ങളിൽ എഫ്എച്ച്സി ആയി മാറും.
നിലവിൽ സംസ്ഥാനത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ നവീകരിച്ച് കൂടുതൽ സമഗ്രവും ഉപയോക്തൃ സൗഹൃദവുമാക്കി പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) ഫണ്ടും സംസ്ഥാനത്തിന്റെ പ്ലാൻ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കേരള സർക്കാരിന്റെ സംരംഭമായ നവകേരളം കർമ്മ പദ്ധതിക്കാണ് നവീകരണ പ്രവർത്തനത്തിന്റെ മേൽനോട്ട ചുമതല. പുരോഗതി നിരീക്ഷിക്കുന്നതിനും വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനും വേണ്ടി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പതിവായി വിലയിരുത്തലുകൾ നടത്തുന്നുണ്ട്.
പ്രാദേശിക തലത്തിൽ സമഗ്രമായ ആരോഗ്യ പരിപാലന സേവനങ്ങൾ നൽകുന്നതിലൂടെ, മറ്റു പ്രധാന ആശുപത്രികളിലെ ഭാരം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ ലഭ്യത പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നു. 2017 മുതലാണ് പിഎച്ച്സികൾ എഫ്എച്ച്സികൾ ആക്കി മാറ്റുന്ന പ്രവർത്തനം ആരംഭിച്ചത്. പൊതുജനത്തിന് മെച്ചപ്പെട്ട ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ലബോറട്ടറി സൗകര്യങ്ങൾ, പ്രീ-ചെക്ക് കൗൺസിലിംഗ്, സാംക്രമികേതര രോഗ ക്ലിനിക്കുകൾ, യോഗ, വെൽനസ് സെന്ററുകൾ എന്നിവ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.
Discussion about this post