അടുത്തിടെയായി പലയിടത്ത് നിന്നും ഉയരുന്ന പരാതിയാണ്, തങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ ലിമിറ്റ് കുറയുന്നു എന്നുള്ളത്. കൃത്യമായ കാരണമില്ലാതെയാണ് ഇത്തരം നടപടി എന്ന് ആരോപണമുണ്ട്. കൂടുതൽ പരാതികൾ എസ്ബിഐ ബാങ്കിന് എതിരായി ആണ് വരുന്നതെങ്കിലും എച്ച്‌ഡിഎഫ്‌സി, ആർബിഎൽ തുടങ്ങിയ ബാങ്കുകളും ഇത് ചെയ്യുന്നുണ്ട്.
എന്നാൽ ശരിക്കും കൃത്യമായ കാരണം ഇല്ലാതായല്ല ഇങ്ങനെ ക്രെഡിറ്റ് സ്കോർ കുറയുന്നത്. സെബിയുടെ പ്രസ്താവന അനുസരിച്ച് ഇടപാടുകാരെ അവരുടെ ചെലവുകളുടെയും തിരിച്ചടവിന്റെയും ഡാറ്റയെ അടിസ്ഥാനമാക്കി അവരുടെ ക്രെഡിറ്റ് പരിധികൾ വിശകലനം ചെയ്യാനുള്ള അവകാശം ബാങ്കുകൾക്കുണ്ട്. കൂടാതെ ഇതനുസരിച്ച് അവരുടെ ക്രെഡിറ്റ് പരിധി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
ബാങ്കുകൾ ക്രെഡിറ്റ് പരിധി കുറക്കുന്നതിന് ചില പ്രധാന കാര്യങ്ങൾ ഉണ്ട്. ഒന്നാമതായി ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളിലെ കാലതാമസം ഒരാളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും അതുവഴി ക്രെഡിറ്റ് പരിധി കുറയ്ക്കാൻ ബാങ്കുകളെ പ്രേരിപ്പിക്കുകയും ചെയ്യും. അതുപോലെ എന്തെങ്കിലും ക്രമക്കേടുകൾ, ഉയർന്ന ഉപയോഗ അനുപാതം ഇവയെല്ലാം കാരണങ്ങൾ ആണ്. മറ്റൊരു പ്രധാന കാരണം നിഷ്ക്രിയമായ ക്രെഡിറ്റ് കാർഡുകൾ ആണ്. വല്ലപ്പോഴും മാത്രം ഉപയോഗിച്ചാൽ സ്വാഭാവികമായി കാർഡിന്റെ ക്രെഡിറ്റ് ലിമിറ് കുറയുന്നതിന് അത് കാരണമാകും.