അമ്പെയ്ത്തിൽ ലോകചാമ്പ്യനായി ഇന്ത്യയുടെ അദിതി സ്വാമി

ലോകചാമ്പ്യന്‍ഷിപ്പില്‍ അമ്പെയ്ത്തിൽ സ്വർണം നേടി ഇന്ത്യയുടെ അദിതി സ്വാമി. ജര്‍മനിയിലെ ബെര്‍ലിനില്‍ വെച്ചുനടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വർണനേട്ടം കൈവരിച്ചതിലൂടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോർഡും അദിതിയുടെ പേരിലായി.

കോമ്പൗണ്ട് വനിതാ വിഭാഗം ഫൈനലില്‍ രണ്ട് തവണ ലോകകിരീടം സ്വന്തമാക്കിയ മെക്‌സിക്കോയുടെ ആന്‍ഡ്രിയ ബെക്കേറയെ കീഴടക്കിയാണ് ഈ പതിനേഴുകാരി ലോകചാമ്പ്യനായത്. ഫൈനല്‍ മത്സരത്തിൽ 149-147 എന്ന സ്‌കോറിനാണ് അദിതിയുടെ വിജയം. അടുത്തിടെ അവസാനിച്ച അണ്ടര്‍ 18 ജൂനിയര്‍ അമ്പെയ്ത്ത് ലോകകിരീടവും അദിതി സ്വന്തമാക്കിയിരുന്നു. ഇതോടെ ജൂനിയര്‍ തലത്തിലും സീനിയര്‍ തലത്തിലും ഒരുപോലെ ലോകചാമ്പ്യനായ റെക്കോഡും അദിതി സ്വന്തമാക്കി. കൂടാതെ അമ്പെയ്ത്ത് ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും ഇനി അദിതിയ്ക്ക് സ്വന്തമാണ്.

വ്യക്തിഗത സ്വർണ നേട്ടത്തിന് പുറമെ വനിതാ കോമ്പൗണ്ട് ടീം വിഭാഗത്തിലും ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടാന്‍ അദിതിയ്ക്ക് സാധിച്ചു. പരിണീത് കൗര്‍, ജ്യോതി സുരേഖ വെണ്ണം എന്നിവര്‍ക്കൊപ്പമാണ് അദിതി ടീം വിഭാഗത്തില്‍ കിരീടം ചൂടിയത്.

Summary: India’s Aditi Swamy becomes world champion in archery.

Exit mobile version