കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ പദ്ധതിയിട്ട് ചൈന

കുട്ടികളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാൻ ഒരുങ്ങി ചൈന. 18 വയസില്‍ താഴെയുള്ളവര്‍ക്കാണ് ഇന്റര്‍നെറ്റുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നത്. രാത്രി 10 മുതല്‍ രാവിലെ 6 വരെ മൊബൈല്‍ ഇന്റര്‍നെറ്റ് വിഛേദിക്കാനും നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി ‘മൈനര്‍ മോഡ്’ പ്രോഗ്രാമുകള്‍ സൃഷ്ടിക്കണം. രാജ്യത്തെ മുന്‍നിര ഇന്റര്‍നെറ്റ് റെഗുലേറ്ററായ സൈബര്‍സ്പേസ് അഡ്മിനിസ്‌ട്രേഷന്‍ (സി.എ.സി) സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളോടും ആപ്പ് ഡെവലപ്പേഴ്‌സിനോടും ഇക്കാര്യം നിർദ്ദേശിച്ചിട്ടുണ്ട്.

സമയത്തിന്റെ കാര്യത്തിലും പല നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്. 40 മിനിട്ടാണ് 8 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി നിർദ്ദേശിച്ചിട്ടുള്ള സമയം. 8 മുതല്‍ 16 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു മണിക്കൂര്‍ നേരവും 16 മുതൽ 18 വയസ്സുള്ള കൗമാരക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ സമയവുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ചില അടിയന്തര സാഹചര്യങ്ങളിലോ വിദ്യാഭാസ സംബന്ധമായവക്കോ ഈ പരിധി ബാധകമാവില്ല എന്നാണ് അറിയിച്ചിട്ടുള്ളത്.

Summary: China plans to reduce mobile phone use among children.

Exit mobile version