റീജിയണൽ റൂറൽ ബാങ്കുകളുടെ (RRB) കറന്റ് – സേവിങ്സ് അക്കൗണ്ടുകളുടെ (CASA) അനുപാതം മെച്ചപ്പെടുത്തണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. വെള്ളിയാഴ്ച ചെന്നൈയിൽ ദക്ഷിണ മേഖലയിൽ നിന്നുള്ള റീജിയണൽ റൂറൽ ബാങ്കുകളുടെ ചെയർപേഴ്സൺമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും നിർണായക അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആർആർബികളുടെ സാമ്പത്തിക പ്രകടനം വിലയിരുത്തുന്നതിനും കൂടുതൽ മെച്ചപ്പെട്ട തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് യോഗം ചേർന്നത്.
ദക്ഷിണ മേഖലയിലെ ആർആർബികളുടെ സിഡി റേഷ്യോ, ഗ്രോസ് എൻപിഎ, പ്രൊവിഷൻ കവറേജ് റേഷ്യോ (PCR) എന്നിവ ദേശീയ ശരാശരിയേക്കാൾ മികച്ചതാണെങ്കിലും, കാസ അനുപാതം വർധിപ്പിക്കുന്നത് അവരുടെ സാമ്പത്തിക സ്ഥിരത വർധിപ്പിക്കുമെന്നും വിവിധ മേഖലകളിലേക്ക് വായ്പ നൽകാനുള്ള ശേഷി വർദ്ധിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഡിജിറ്റലൈസേഷൻ മെച്ചപ്പെടുത്തണം. ഡിജിറ്റൽ സമ്പത്ത് വ്യവസ്ഥയിലേക്ക് നീങ്ങാനുള്ള ഗവൺമെന്റിന്റെ ശ്രമത്തിന് ഇത് ഗുണകരമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യ, ലോൺ മാനേജ്മെന്റ് സിസ്റ്റം, കോർ ബാങ്കിംഗ് സിസ്റ്റം എന്നിവ സ്വീകരിക്കുന്നതിന് മുൻഗണന നൽകണമെന്ന് യോഗത്തിൽ മന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടു.
ഫിനാൻഷ്യൽ സർവീസസ് വകുപ്പ് സെക്രട്ടറി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, പുതുച്ചേരി, കർണാടക സംസ്ഥാനങ്ങളിലെ ധനകാര്യ വകുപ്പുകളുടെ പ്രതിനിധികളും, കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, നബാർഡ് തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ എംഡിമാരും സിഇഒമാരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
Summary: Current – Savings Accounts Ratio Should be Improved: Nirmala Sitharaman.
Discussion about this post