മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിലെ സുപ്രീം കോടതിയുടെ അനുകൂല വിധിയിൽ ആദ്യ പ്രതികരണവുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ഇന്നല്ലെങ്കിൽ നാളെ സത്യം ജയിക്കും, അത് തെളിഞ്ഞതായി രാഹുൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എന്ത് സംഭവിച്ചാലും എന്റെ കർത്തവ്യം അതേപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്തു. വിധി വന്ന ശേഷമുള്ള ആദ്യ ട്വീറ്റിൽ ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
അതേസമയം ഇന്ത്യൻ രാഷ്ട്രീയത്തിലെ നിരവധി പ്രമുഖർ രാഹുൽ ഗാന്ധിക്ക് അനുകൂലമായ വിധിയിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിധിയിൽ ബുദ്ധനെ ഉദ്ധരിച്ച് പ്രിയങ്കഗാന്ധി. സൂര്യനേയും ചന്ദ്രനേയും സത്യത്തേയും ഏറെ നാൾ മൂടനാവില്ലെന്നാണ് സഹോദരി കൂടിയായ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.
ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിച്ച വിധിയെന്ന് കൊണ്ഗ്രെസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഖേ. കോടതി വിധി ജനാധിപത്യത്തിന്റെ വിജയമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സുപ്രീംകോടതിയുടെ സുപ്രധാന വിധിക്കു പിന്നാലെ എഐസിസി ആസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധിയെ ആവേശത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ സ്വാഗതം ചെയ്തത്. രാഹുലിന്റെ അയോഗ്യത നീങ്ങുന്നതിനപ്പുറം കോൺഗ്രസിന്റെ രാഷ്ട്രീയ വിജയമായും വിധിയെ പ്രവർത്തകർ വിലയിരുത്തുന്നു.
അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾക്കായി ഇന്ന് തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് പ്രവത്തകർ ഡൽഹിയിലെത്തിയിട്ടുണ്ട്. എഐസിസി ആസ്ഥാനത്ത് രാഹുൽ ഇവരുമായി കൂടിക്കാഴ്ച നടത്തും.
Summary: Rahul Gandhi’s first response after supreme court’s stay order.